നല്ലതായിരുന്നില്ല ഹൈദരബാദിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ മായങ്ക് അഗര്‍വാളിന്റെ (16) വിക്കറ്റ് നഷ്ടമായി. അസ്മതുള്ള ഓമര്‍സായാണ് ബ്രേക്ക് ത്രൂ നല്‍കിയത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സന് 163 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് വേണ്ടി ഒരാള്‍ പോലും 30നപ്പുറമുള്ള സ്‌കോര്‍ നേടിയില്ല. അഭിഷേക് ശര്‍മ (29), അബ്ദുള്‍ സമദ് (14 പന്തില്‍ 29) എന്നിവരാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍. ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് മോഹിത് വിട്ടുകൊടുത്തത്.

നല്ലതായിരുന്നില്ല ഹൈദരബാദിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ മായങ്ക് അഗര്‍വാളിന്റെ (16) വിക്കറ്റ് നഷ്ടമായി. അസ്മതുള്ള ഓമര്‍സായാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ട്രാവിസ് ഹെഡിനും (19) അധികം അയുസുണ്ടായിരുന്നില്ല. അഭിഷേകും മടങ്ങിയതോടെ ഹൈദരാബാദ് 10 ഓവറില്‍ മൂന്നിന് 74 എന്ന നിലയിലായി. എയ്ഡന്‍ മാര്‍ക്രം (17), ഹെന്റിച്ച് ക്ലാസന്‍ (24) എന്നിവര്‍ അധികനേരം നില്‍ക്കാത്തത് ഹൈദരാബാദിന് തിരിച്ചടിയായി. പിന്നീട് ഷഹ്ബാസ് അഹമ്മദ് (22), സമദ് (29) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. വാഷിംഗ്ടണ്‍ സുന്ദറാണ് (0) പുറത്തായ മറ്റൊരു താരം. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവന്‍: മായങ്ക് അഗര്‍വാള്‍, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ജയ്‌ദേവ് ഉനദ്ഘട്ട്.

ആളുകളെകൊണ്ട് പറയിപ്പിക്കരുത്! മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഹസിക്കുന്നതിനെതിരെ തുറന്നടിച്ച് അശ്വിന്‍

ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവന്‍: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായി, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ഉമേഷ് യാദവ്, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, ദര്‍ശന്‍ നല്‍കണ്ഡെ.

ഇരു ടീമുകളും സീസണില്‍ രണ്ട് കളിയില്‍ ഓരോ ജയമാണ് നേടിയതെങ്കിലും പോയന്റ് പട്ടികയില്‍ ഹൈദരാബാദ് നാലാമതും ഗുജറാത്ത് എട്ടാമതുമാണ്.