ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു. ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. ഗുജറാത്ത് ടീമിൽ ഒരു മാറ്റം വരുത്തിയപ്പോൾ ആർസിബി മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.
ധരംശാല: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈററന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആര്‍സിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് മറ്റൊരു ക്വാളിഫയര്‍ കൂടി കളിക്കാനുള്ള അവസരമുണ്ട്. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അര്‍ഷദ് ഖാന് പകരം കുല്‍വന്ദ് കെജ്രോളിയ ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. വെങ്കടേഷ് അയ്യര്‍, വിരാട് കോലിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, കുല്‍വന്ത് കെജ്രോളിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വെങ്കിടേഷ് അയ്യര്‍, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ജോഷ് ഹാസില്‍വുഡ്, റാസിഖ് സലാം ദാര്‍.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്തരാണ് ഇരു ടീമുകളും. പതിനാല് കളിയില്‍ ബെംഗളൂരുവും ഗുജറാത്തും പതിനെട്ട് പോയിന്റ് വീതം നേടിയപ്പോള്‍ ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിച്ചത് റണ്‍നിരക്കിന്റെ വ്യത്യാസത്തിലായിരുന്നു. ഈ സീസണില്‍ ഏറ്റവും കുറച്ച് താരങ്ങളെ പരീക്ഷിച്ച ടീമുകളാണ് ബെംഗളൂരുവും ഗുജറാത്തും. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍ പ്രകടനം തുടരുന്ന ആര്‍സിബിയുടെ റണ്‍ മെഷീന്‍ സൂപ്പര്‍ താരം വിരാട് കോലിയാണ്. ദേവ്ദത്ത് പടിക്കലും പടിദാറും ടിം ഡേവിഡും അതിവേഗം റണ്ണടിക്കുന്നവരെന്ന ആനുകൂല്യവുമുണ്ട്.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ത്രയത്തിലൂടെ ആവും ഗുജറാത്ത് ടൈറ്റന്‍സിന്റെ മറുപടി. റണ്‍വേട്ടക്കാരില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും നല്‍കുന്ന തുടക്കം ഗുജറാത്തിന് ഏറെ നിര്‍ണായകം. 24 വിക്കറ്റ് വീതം നേടിയ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും കാഗിസോ റബാഡയും നയിക്കുന്ന ബൗളിംഗ് യൂണിറ്റുകളും ഇരു ടീമുകളിലും ശക്തം. ഭുവനേശ്വറിനൊപ്പം ജോഷ് ഹേയ്സല്‍വുഡ് കണിശതയോടെ പന്തെറിയുമ്പോള്‍ റബാഡയ്ക്ക് കരുത്തായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമുണ്ട്.

