വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് മികച്ച തുടക്കം. 18 പന്തിൽ അർധ സെഞ്ചുറി നേടിയ അഭിഷേക് ശർമയും ഇഷാൻ കിഷനുമാണ് ക്രീസിൽ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പമാണ്.
ഇന്‍ഡോര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ സഞ്ജു സാംസണ്‍ മൂന്ന് റണ്‍സെടുത്ത് മടങ്ങി. സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പവര്‍ പ്ലേ മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ അഭിഷേക് ശര്‍മ (26 പന്തില്‍ 67), ഇഷാന്‍ കിഷന്‍ (16 പന്തില്‍ 31) എന്നിവരാണ് ക്രീസില്‍. ഷമാര്‍ ജോസഫ് വിന്‍ഡീസിന് വേണ്ടി ഒരു വിക്കറ്റ് വീഴ്ത്തി.
ആറ് പന്ത് മാത്രമായിരുന്നു സഞ്ജുവിന് ആയുസ്. രണ്ടാം ഓവറില്‍ ഷമാറിന്റെ പന്തില്‍ മീഡ് വിക്കറ്റില്‍ കാമില്‍ പൂരാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന അഭിഷേക് - കിഷന്‍ സഖ്യം അടി തുടര്‍ന്നു. ഇരുവരും ഇതുവരെ 102 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. അഭിഷേക് ആറ് സിക്‌സും അഞ്ച് ഫോറും നേടി. കിഷന്റെ അക്കൗണ്ടില്‍ ആറ് ബൗണ്ടറികളുണ്ട്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1 ഒപ്പമാണ്. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. കുല്‍ദീപ് യാദവിവ് പകരം പ്രിന്‍സ് യാദവ് ടീമിലെത്തി. ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം പിടിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍) (വിക്കറ്റ് കീപ്പര്‍), കാമില്‍ പുരാന്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡ്, ക്വന്റിന്‍ സാംപ്‌സണ്‍, കീമോ പോള്‍, റോസ്റ്റണ്‍ ചേസ്, ഷമാര്‍ സ്പ്രിംഗര്‍, ഷമാര്‍ ജോസഫ്, ഗുഡകേഷ് മോട്ടി.

