ചിറ്റഗോങ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സിംബാബ്‌വെ നായകന്‍ ഹാമില്‍ട്ടണ്‍ മസാകഡ്‌സക്ക് രാജകീയ വിടവാങ്ങല്‍. കരിയറിലെ അവസാന മത്സരത്തില്‍ അഫ്‌ഗാനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി ടീമിനെ ജയിപ്പിച്ചാണ് മസാകഡ്‌സ ക്രീസ് വിട്ടത്. ടി20യില്‍ അഫ്‌ഗാന്‍റെ 12 തുടര്‍ജയങ്ങള്‍ക്ക് സിംബാബ്‌വെ അറുതിവരുത്തിയപ്പോള്‍ മസാകഡ്‌സ 42 പന്തില്‍ 71 റണ്‍സെടുത്തു.

ചിറ്റഗോങ്ങില്‍ ഏഴ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടി20യില്‍ ഒരു ഏഷ്യന്‍ ടീമിനെതിരെ സിംബാബ്‌വെയുടെ ആദ്യ ടി20 ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ എട്ട് വിക്കറ്റിന് 155 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി.  

സിംബാബ്‌വെക്കായി 2001ല്‍ അരങ്ങേറിയ മസാകഡ്‌സ 38 ടെസ്റ്റിലും 209 ഏകദിനത്തിലും 66 ടി20യിലും കളിച്ചു. ടെസ്റ്റില്‍ 2223 റണ്‍സും ഏകദിനത്തില്‍ 5658 റണ്‍സും നേടി. ടെസ്റ്റില്‍ 158ഉം ഏകദിനത്തില്‍ 178 റണ്‍സുമാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ സിംബാബ്‌വെയുടെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ താരം 1662 റണ്‍സ് നേടി. ത്രിരാഷ്‌ട്ര പരമ്പരയോടെ വിരമിക്കുമെന്ന് മസാകഡ്‌സ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരു ടീമുകളും താരത്തിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി.