ഹാമില്‍ട്ടണ്‍: ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന കിവികള്‍ക്ക് മികച്ച തുടക്കം. 15 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 83 റണ്‍സ് എടുത്തിട്ടുണ്ട് ആതിഥേയര്‍. മാര്‍ട്ടിന്‍ ഗപ്‌ടിലും(31*) ഹെന്‍റി നിക്കോള്‍സുമാണ്(41*) ക്രീസില്‍. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 348 റണ്‍സ് വിജയലക്ഷ്യമാണ് ന്യൂസിലന്‍ഡിന് മുന്നില്‍വെച്ചത്. 

കെ എല്‍ രാഹുലിന്‍റെ വെടിക്കെട്ടും ശ്രേയസ് അയ്യരുടെ സെഞ്ചുറിയും വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയും കൂടിച്ചേര്‍ന്നപ്പോള്‍ ഹാമില്‍ട്ടണില്‍ ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 347 റണ്‍സെടുത്തു. ശ്രേയസ് (107 പന്തില്‍ 103), രാഹുല്‍(64 പന്തില്‍ 88*), കോലി(63 പന്തില്‍ 51), എന്നിങ്ങനെയാണ് സ്‌കോര്‍. രാഹുലിനൊപ്പം 15 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ ജാദവിന്‍റെ പ്രകടനവും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. 

ഏകദിന അരങ്ങേറ്റ കളിക്കുന്ന മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ആദ്യ വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതേ ഓവറിലെ അവസാന പന്തില്‍ ഷായെ ഗ്രാന്‍‌ഹോം വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്‍റെ കൈകളിലെത്തിച്ചു. 21 പന്തില്‍ 20 റണ്‍സാണ് കരിയറിലെ ആദ്യ ഏകദിനത്തില്‍ ഷായുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ മായങ്ക് അഗര്‍വാളിനെ(31) സൗത്തിയുടെ പന്തില്‍ ടോം ബ്ലെന്‍‌ഡല്‍ പിടികൂടി. കരുതലോടെ കളിച്ച വിരാട് കോലിയും ശ്രേയസ് അയ്യരും മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഇഷ് സോധി എറിഞ്ഞ 29-ാം ഓവറില്‍ ബൗള്‍ഡാവുമ്പോള്‍ കോലി 51 റണ്‍സെടുത്തിരുന്നു. അടിച്ചുതകര്‍ത്ത് തുടങ്ങിയ രാഹുല്‍ 42 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയപ്പോള്‍ ശ്രേയസ് 101 പന്തില്‍ കന്നി ഏകദിന ശതകത്തിലെത്തി. 107 പന്തില്‍ 103 റണ്‍സെടുത്ത ശ്രേയസിനെ സൗത്തി 46-ാം ഓവറില്‍ പുറത്താക്കിയെങ്കിലും ഇന്ത്യ തളര്‍ന്നില്ല. അവസാന ഓവറുകളില്‍ രാഹുലും ജാദവും ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 350ന് അടുത്തെത്തുകയായിരുന്നു.