Asianet News MalayalamAsianet News Malayalam

പിറന്നാള്‍ മധുരത്തില്‍ സഞ്ജു സാംസണ്‍; ബാറ്റിംഗ് ഹീറോയ്‌ക്ക് ആശംസാപ്രവാഹം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്റ്റൈലിഷ് ബാറ്റര്‍മാരില്‍ ഒരാള്‍ എന്നതാണ് സഞ്ജു സാംസണിനുള്ള വിശേഷണം

Happy Birthday Sanju Samson Fans wishes Rajasthan Royals captain on 28th birthday
Author
First Published Nov 11, 2022, 11:19 AM IST

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്‍റെ അഭിമാനമായ സഞ്ജു സാംസണ് ഇന്ന് 28-ാം ജന്‍മദിനം. ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ കപ്പുയര്‍ത്തണമെങ്കില്‍ സഞ്ജു നീല ജേഴ്‌സിയില്‍ വേണമായിരുന്നെന്ന് ആരാധകര്‍ വാദിക്കുന്നതിനിടെയാണ് സൂപ്പര്‍താരത്തിന്‍റെ പിറന്നാള്‍ വന്നെത്തുന്നത്. ലോകകപ്പ് ടീമിലിടമുണ്ടായില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അവഗണിക്കാനാവാത്ത പ്രതിഭയായി ഇതിനകം മാറിയ സഞ്ജുവിന് വലിയ ആശംസാപ്രവാഹമാണ് പിറന്നാള്‍ദിനത്തില്‍ ലഭിച്ചത്. സഞ്ജു യുവ തലമുറയ്ക്ക് പ്രചോദനമാണ് എന്നായിരുന്നു ഇന്ത്യന്‍ മുന്‍താരം സുരേഷ് റെയ്‌നയുടെ ട്വീറ്റ്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്റ്റൈലിഷ് ബാറ്റര്‍മാരില്‍ ഒരാള്‍ എന്നതാണ് സഞ്ജു സാംസണിനുള്ള വിശേഷണം. അതിവേഗം സ്കോര്‍ ചെയ്യാനുള്ള കഴിവും അനായാസം പന്ത് ഗാലറിയില്‍ എത്തിക്കാനുള്ള മികവും സഞ്ജുവിനെ ഏറെപ്പേരുടെ പ്രിയങ്കരനാക്കി. ഹര്‍ഷാ ഭോഗ്‌ലെ മുതല്‍ ഇയാന്‍ ബിഷപ്പ് വരെ നീളുന്നതാണ് സഞ്ജു സാംസണ്‍ ഫാന്‍സിന്‍റെ നീണ്ട പട്ടിക. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിച്ച് ക്യാപ്റ്റന്‍സിയിലും സഞ്ജു തിളങ്ങി. ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലും മികവ് കാട്ടിയിട്ടും ഏഷ്യാ കപ്പിലും ട്വന്‍റി 20 ലോകകപ്പിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടംലഭിച്ചിരുന്നില്ല. 

ടീം ഇന്ത്യക്കായി 10 ഏകദിനങ്ങളില്‍ 73.5 ശരാശരിയിലും 106.14 സ്ട്രൈക്ക് റേറ്റിലും 294 റണ്‍സാണ് സഞ്ജു സാംസണിന്‍റെ സമ്പാദ്യം. ഉയര്‍ന്ന സ്കോര്‍ 86. പതിനാറ് രാജ്യാന്തര ട്വന്‍റി 20കളില്‍ 21.14 ശരാശരിയിലും 135.16 സ്ട്രൈക്ക് റേറ്റിലും 296 റണ്‍സും നേടി. ഉയര്‍ന്ന സ്കോര്‍ 77. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് 138 മത്സരങ്ങളില്‍ 29.14 ശരാശരിയിലും 135.72 സ്ട്രൈക്ക് റേറ്റിലും 3526 റണ്‍സുമുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയപ്പോള്‍ 119 ആണ് ഉയര്‍ന്ന സ്കോര്‍. ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ ബാറ്റേന്തി 37.18 ശരാശരിയും 141.04 സ്ട്രൈക്ക് റേറ്റും കേരള താരത്തിന് സ്വന്തം.

ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരും, തുറന്നടിച്ച് മന്ത്രി വി ശിവന്‍കുട്ടി

Follow Us:
Download App:
  • android
  • ios