ദില്ലി: കര്‍ഷകര്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. കര്‍ഷകരുടെ വേദന മനസിലാവുമെന്നും രാജ്യം സന്തോഷത്തോടെയിരിക്കാന്‍ സന്തോഷമുള്ള കര്‍ഷകര്‍ വേണമെന്നാണ് ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം.

'കര്‍ഷകന്‍റെ വേദന എനിക്ക് മനസിലാവും. സന്തോഷമുള്ള  രാജ്യത്തിനായി സന്തോഷമുള്ള കര്‍ഷകര്‍ ആവശ്യമാണ്. ജയ് ഹിന്ദ്' എന്നാണ് ഹര്‍ഭജന്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലിനെതിരേ രാജ്യ വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദ് നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ഭജന്‍റെ പ്രതികരണം. 

നിരവധിപ്പേരാണ് ഹര്‍ഭജന്‌‍റെ പ്രതികരണത്തിന് മറുപടിയുമായി എത്തുന്നത്. പിന്തുണയ്ക്കൊപ്പം  രൂക്ഷമായ വിമര്‍ശനവും ട്വീറ്റിന് ലഭിക്കുന്നുണ്ട് . ക്രിക്കറ്റ് ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു കൂടേയെന്നും ബില്ല് എങ്ങനെയാണ് കര്‍ഷകരെ വേദനിപ്പിക്കുന്നതെന്നും ചിലര്‍ ചോദിക്കുമ്പോള്‍ സത്യം തുറന്ന് പറഞ്ഞതിന് അഭിനന്ദനം എന്നാണ് മറ്റ് ചിലരുടെ പ്രതികരണം.