ബെംഗളൂരു: ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സ്‌പിന്നര്‍മാര്‍ തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ആര്‍ അശ്വിനെ പോലുള്ള വമ്പന്‍ താരങ്ങള്‍ പോലും സീറ്റുറപ്പിക്കാന്‍ പാടുപെടുന്നു. അശ്വിന്‍- ജഡേജ ജോഡിക്ക് ശേഷം കസേരയുറപ്പിച്ച കുല്‍ദീപ്- ചാഹല്‍ സ്‌പിന്‍ ദ്വയവും ഭീഷണിയിലാണ്. വാഷിംഗ്‌ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍ തുടങ്ങിയ താരങ്ങളെയും ടീം ഇന്ത്യ പരീക്ഷിക്കുന്നതാണ് കാരണം.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ഈ പരീക്ഷണങ്ങളില്‍ മിക്കതും. ഇതിനിടയില്‍ ഇന്ത്യന്‍ ടീമിന് പരീക്ഷിക്കാന്‍ ഒരു വജ്രായുധത്തെ നിര്‍ദേശിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. ദുലീപ് ട്രോഫി ഫൈനലില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ അക്ഷയ്‌യെ കുറിച്ച് ഭാജിയുടെ വാക്കുകളിങ്ങനെ. 

'കഴിഞ്ഞ കുറച്ച് വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് അക്ഷയ് വാഖരെ കാഴ്‌ചവെക്കുന്നത്. ഇന്ത്യ ഗ്രീനിനെതിരെ പുറത്തെടുത്ത പ്രകടനം ഉഗ്രനാണ്. ടീമിനായി മറ്റൊരു മാച്ച് വിന്നിംഗ്‌സ് പ്രകടനം. ഇനിയുമേറെ മുന്നേറാനുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ക്ഷണം കാത്തിരിക്കുന്നു'. ദുലീപ് ട്രോഫിയില്‍ ഇന്ത്യ റെഡ് കിരീടം നേടിയപ്പോള്‍ വിദര്‍ഭ രണ്ട് തവണ രഞ്ജി ട്രോഫി നേടിയതും അക്ഷയുടെ പ്രകടനത്തിലാണ്.