മുംബൈ: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ദി ഹണ്ട്രഡ്(ഓരോ ടീമിനും100 പന്തുകള്‍ വീതം) ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ബിസിസിഐ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഹര്‍ഭജന്‍ സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.

അടുത്തവര്‍ഷം ജൂലൈയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഹര്‍ഭജന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കളിക്കാരുടെ ലേലത്തിനുള്ള പ്ലേയേഴ്സ് ഡ്രാഫ്റ്റിലും ഹര്‍ഭജന്റെ പേരുണ്ടായിരുന്നു. ഒരുലക്ഷം പൗണ്ടാണ് ഹര്‍ഭജന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാത്ത കളിക്കാര്‍ക്ക് വിദേശത്തെ ടി20 ലീഗുകളില്‍ പങ്കെടുക്കാന്‍ ബിസിസിഐ അനുമതിയില്ല. ഹണ്ട്രഡ് ലീഗില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിന് മുമ്പ് ഹര്‍ഭജന്‍ ബിസിസിഐയില്‍ നിന്ന് സമ്മതപത്രം വാങ്ങിയിരുന്നില്ല.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷമാണ് യുവരാജ് സിംഗ് കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. 2016 ഏഷ്യാ കപ്പിലാണ് 39കാരനായ ഹര്‍ഭജന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2003ലെ ഇന്ത്യക്കായി ലോകകപ്പ് കളിച്ച താരങ്ങളില്‍ ഹര്‍ഭജനും പാര്‍ഥിവ് പട്ടേലും മാത്രമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിക്കാത്തവരായി ഉള്ളത്.

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരം കൂടിയാണ് ഹര്‍ഭജന്‍. ഐപിഎല്‍ മാതൃകയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് എട്ട് ടീമുകളാണ് ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. 100 പന്തുകള്‍ വീതമാണ് ഓരോ ടീമിനും ഉണ്ടായിരിക്കുക.