ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്നിന് 42 എന്ന നിലയിലാണ് ഇന്ത്യ. സൂര്യകുമാര്‍ യാദവ് (14), വാഷിംഗ്ടണ്‍ സുന്ദര്‍ (11) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്കോ ജാന്‍സന്‍ രണ്ടും എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലര്‍ (35 പന്തില്‍ 63, ഡിവാള്‍ഡ് ബ്രേവിസ് (29 പന്തില്‍ 45), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (24 പന്തില്‍ പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത് ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറില്‍ തന്നെ കിഷന്റെ വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്കയ്ക്ക്. മാര്‍ക്രമിന്റെ പന്തില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ച് നല്‍കിയാണ് കിഷന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മയും (1) പുറത്തായി. ജാന്‍സനെ ക്രീസ് വിട്ട് കയറി അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു. അഭിഷേക് ശര്‍മ തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. റബാദയ്‌ക്കെതിരെ ഒരു സിക്‌സും ഫോറും നേടി ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും ജാന്‍സന്റെ സ്ലോവറില്‍ പിഴച്ചു. കോര്‍ബിന്‍ ബോഷിന്റെ തകര്‍പ്പന്‍ ക്യാച്ച്.

നേരത്തെ, സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുമ്ര ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. റ്യാന്‍ റിക്കിള്‍ട്ടണും ബുമ്രയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ പേസറുടെ സ്ലോവര്‍ മനസിലാക്കുന്നതില്‍ റിക്കിള്‍ട്ടണ് പിഴച്ചു, ശിവം ദുബെയ്ക്ക് മിഡ് ഓഫില്‍ ക്യാച്ച്. ഇതോടെ നാല് ഓവറില്‍ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ.

തുടര്‍ന്ന് ബ്രേവിസ് - മില്ലര്‍ സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ബ്രേവിസ് 13-ാം ഓവറില്‍ മടങ്ങി. ശിവം ദുബെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് - മില്ലര്‍ സഖ്യം 35 റണ്‍സും കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഭീഷണിയായിരിക്കെയാണ് വരുണ്‍ ചക്രവര്‍ത്തി മില്ലറെ മടക്കുന്നത്. ഇതോടെ കളി മാറി. 200ലെത്തുമെന്ന് തോന്നിച്ച സ്‌കോര്‍ അതിന് താഴെ ഒതുങ്ങുകയായിരുന്നു. ഇതിനിടെ മാര്‍കോ യാന്‍സനും (2) പുറത്തായിരുന്നു. കോര്‍ബിന്‍ ബോഷിനെ (5) റിട്ടേണ്‍ ക്യാച്ചില്‍ ബുമ്രയും മടക്കി.

അവസാന ഓവറുകളില്‍ സ്റ്റബ്‌സ് നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റബ്‌സിനൊപ്പം കഗിസോ റബാദ (0) പുറത്തവാതെ നിന്നു. അവസാന അഞ്ച് ഓവറില്‍ 43 റണ്‍സെടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്. ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അവസാനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ സ്ഥാനം നിലനിര്‍ത്തി. അക്‌സര്‍ പട്ടേലിന് അവസരം ലഭിച്ചില്ല. സഞ്ജുവിനും അവസരം ലഭിച്ചില്ല.

ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

YouTube video player