ടി20യോ ഏകദിനമോ, ടെസ്റ്റോ എന്തുമാകട്ടെ, രോഹിത് ബാറ്റ് ചെയ്യുന്നത് അവിശ്വസനീയമാണ്. മറ്റ് ബാറ്റര്‍മാരെ അപേക്ഷിച്ച് രോഹിത്തിന് ക്രീസില്‍ കൂടുതല്‍ സമയം ലഭിക്കുന്നതായി തോന്നാറുണ്ട്. അത് അയാളുടെ ബാറ്റിംഗ് അനായാസമാക്കുന്നു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററാണ് രോഹിത് എന്നാണ് എനിക്കു തോന്നുന്നത്.

ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്‍റെ പ്രിയപ്പെട്ട ബാറ്റര്‍ ആരാണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്(Harbhajan Singh). സ്പോര്‍ട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്‍ തന്‍റെ പ്രിയപ്പെട്ട ബാറ്ററെ തെരഞ്ഞെടുത്തത്.

രോഹിത് ശര്‍മയാണ്(Rohit Sharma) തന്‍റെ പ്രിയപ്പെട്ട ബാറ്ററെന്ന് ഹര്‍ഭജന്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററാണ് രോഹിത്തെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. രോഹിത് പ്രിയപ്പെട്ട ബാറ്ററാണെങ്കില്‍ ജസ്പ്രീത് ബുമ്രയാണ്(Jasprit Bumrah) തന്‍റെ പ്രിയപ്പെട്ട ബൗളറെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ടി20യോ ഏകദിനമോ, ടെസ്റ്റോ എന്തുമാകട്ടെ, രോഹിത് ബാറ്റ് ചെയ്യുന്നത് അവിശ്വസനീയമാണ്. മറ്റ് ബാറ്റര്‍മാരെ അപേക്ഷിച്ച് രോഹിത്തിന് ക്രീസില്‍ കൂടുതല്‍ സമയം ലഭിക്കുന്നതായി തോന്നാറുണ്ട്. അത് അയാളുടെ ബാറ്റിംഗ് അനായാസമാക്കുന്നു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററാണ് രോഹിത് എന്നാണ് എനിക്കു തോന്നുന്നത്. വിരാട് കോലിയോടും കെ എല്‍ രാഹുലിനോടുമുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ടാണ് ഇത് പറയുന്നത്. അവരും രോഹിത്തിനോളം കഴിവുള്ളവരാണ്. പക്ഷെ രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ അത് വേറെ ലെവലാണെന്നും അതുകൊണ്ടാണ് രോഹിത് തന്‍റെ ഇഷ്ടപ്പെട്ട ബാറ്ററായി മാറിയതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ബൗളര്‍മാരുടെ കാര്യമെടുത്താല്‍ ജസ്പ്രീത് ബുമ്ര ക്ലാസ് ആണെന്ന് ഹര്‍ഭജന്‍ പറഞ്ഞു. അത് ടെസ്റ്റിലായാലും ടി20 ആയാലും ഏകദിനമായാലും ബുമ്ര ഒരു പടി മുകളിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ ഇവര്‍ രണ്ടുപേരുമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരങ്ങളെന്നും ഹര്‍ഭജന്‍ പറഞ്ഞു.

 23 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് ഹര്‍ഭജന്‍ സിംഗ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹര്‍ഭജന്‍ 103 ടെസ്റ്റുകളില്‍ 417 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 236 ഏകദിനങ്ങളില്‍ 269 വിക്കറ്റും 28 ടി20 മത്സരങ്ങളില്‍ 25 വിക്കറ്റും വീഴ്ത്തിയിട്ടുള്ള ഹര്‍ഭജന്‍ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും പങ്കാളായായി. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഹര്‍ഭജന്‍ പ‍ഞ്ചാബ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.