ദില്ലി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന കിട്ടാതെ പോയതില്‍ പഞ്ചാബ് സര്‍ക്കാരിനെ പഴിച്ച് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. സര്‍ക്കാരിന്റെ നിരുത്തരവാദിത്തമാണ് തനിക്ക് പുരസ്‌കാരം ലഭിക്കാതെ പോയതെന്ന് ഹര്‍ഭജന്‍ പ്രതികരിച്ചു. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള തന്റെ അപേക്ഷ കൃത്യ സമയത്ത് കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഹര്‍ഭജന്‍ കുറ്റപ്പെടുത്തി.

2019 മാര്‍ച്ച് 20ന് എല്ലാ രേഖകളും സമര്‍പ്പിച്ചതാണെന്നും താരം പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''രേഖകള്‍ സമര്‍പ്പിച്ചിട്ടും എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിലെത്താന്‍ വൈകിയെന്നുള്ള കാര്യം അറിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. രേഖകള്‍ സമര്‍പ്പിക്കാന്‍ താമസം കാണിച്ചതുകൊണ്ടാണ് എനിക്ക് പുരസ്‌കാരം കിട്ടാതെ പോയത്. ഇക്കാര്യം മാധ്യമങ്ങള്‍ വഴി ഞാന്‍ അറിഞ്ഞു 

പുരസ്‌കാരങ്ങളൊക്കെയാണ് തുടര്‍ന്നും കളിക്കാന്‍ പ്രചോദനമാകുന്നത്. എനിക്ക് മാത്രമല്ല, വളര്‍ന്നുവരുന്ന തലമുറയ്ക്ക് കൂടി ഇത് കായികരംഗത്തേക്ക് കടന്നുവരാന്‍ പ്രചോദനമാകും. എന്നാല്‍ ഇത്തരം ഉത്തരവാദിത്തമില്ലായ്മ കായികതാരങ്ങളെ പിറകോട്ടടിപ്പിക്കും.'' ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.