ജീവിതത്തിലും പ്രഫഷണിലും ആരെങ്കിലും ശരിയായ വഴി കാട്ടി തരാന്‍ നമുക്ക് എല്ലായ്പ്പോഴും ഉണ്ടാവണം. എന്‍റെ ജീവിതത്തില്‍ അത് സൗരവ് ഗാംഗുലിയായിരുന്നു. അന്ന് സൗരവ് എനിക്കുവേണ്ടി അടികൂടി എന്നെ ടീമിലെടുത്തില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ അഭിമുഖം പോലും എടുക്കുമെന്ന് ആരുകണ്ടു.

ചണ്ഡീഗഡ്: ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായിരുന്ന സൗരവ് ഗാംഗുലിക്കു(Sourav Ganguly) കീഴിലും എം എസ് ധോണിക്കു(MS Dhoni) കീഴിലും കളിച്ചപ്പോഴുള്ള പ്രധാന വ്യത്യാസം തുറന്നു പറഞ്ഞ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഹര്‍ഭജന്‍ സിംഗ്(Harbhajan Singh). ഒന്നുമല്ലാത്ത കാലത്ത് തന്നെ പിന്തുണച്ച ആളാണ് സൗരവ് ഗാംഗുലിയെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

അത് വളരെ ലളിതമാണ്. ഞാന്‍ കരിയറില്‍ ഒന്നുമല്ലാത്ത കാലത്ത് എന്നെ പിന്തുണച്ച നായകനാണ് ഗാംഗുലി. എനിക്ക് കഴിവുണ്ടെന്ന് ദാദക്ക് അറിയാമായിരുന്നു. എന്നാല്‍ അത് പുറത്തെടുക്കാനാവുമോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. എന്നിട്ടും അദ്ദേഹം എന്നെ പിന്തുണച്ചു. എന്നാല്‍ ധോണിക്ക് കീഴിലെത്തുമ്പോള്‍ ഞാന്‍ കരിയറില്‍ ചിലതൊക്കെ ആയിരുന്നു. ഞാനെന്‍റെ പ്രതിഭ തെളിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ വ്യത്യാസം നിങ്ങള്‍ മനസിലാക്കണം. ധോണിക്ക് അറിയാമായിരുന്നു, ഞാന്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ ജയിച്ചു കഴിഞ്ഞെന്ന്, അദ്ദേഹത്തിന്‍റെ കീഴിലും ഞാന്‍ കുറച്ചു മത്സരങ്ങള്‍ ജയിപ്പിക്കുമെന്ന്. അതായിരുന്നു അവര്‍ക്ക് കീഴില്‍ കളിച്ചപ്പോഴുള്ള പ്രധാന വ്യത്യാസം ഹര്‍ഭജന്‍ പറഞ്ഞു.

ജീവിതത്തിലും പ്രഫഷണിലും ആരെങ്കിലും ശരിയായ വഴി കാട്ടി തരാന്‍ നമുക്ക് എല്ലായ്പ്പോഴും ഉണ്ടാവണം. എന്‍റെ ജീവിതത്തില്‍ അത് സൗരവ് ഗാംഗുലിയായിരുന്നു. അന്ന് സൗരവ് എനിക്കുവേണ്ടി അടികൂടി എന്നെ ടീമിലെടുത്തില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ അഭിമുഖം പോലും എടുക്കുമെന്ന് ആരുകണ്ടു.
ഇന്ന് കാണുന്ന എന്നെ രൂപപ്പെടുത്തിയത് സൗരവ് എന്ന ക്യാപ്റ്റനാണ്. ധോണിയും മികച്ച ക്യാപ്റ്റനാണ്. സൗരവ് വെട്ടിയ വഴിയിലൂടെയാണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിച്ചത്. ഞാനും ധോണിയും തമ്മില്‍ ഒരുപാട് മികച്ച പോരാട്ടങ്ങളില്‍ പങ്കാളിയായി. അത് എല്ലായ്പ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഹര്‍ബജന്‍ പറഞ്ഞു.

ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച ഹര്‍ഭജന്‍ 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റും നേടി. ധോണിക്ക് കീഴില്‍ 2007ലെ ടി20 ലോകകപ്പ് വിജയത്തിലും 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലും പങ്കാളിയായ ഹര്‍ഭജന്‍ പിന്നീട് കരിയറിന്‍റെ അവസാന കാലത്ത് ഐപിഎല്ലില്‍ ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും കളിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഹര്‍ഭജന് അവസരം ലഭിച്ചില്ല.