Asianet News MalayalamAsianet News Malayalam

'രോഹിത് ശര്‍മ്മ കഴിഞ്ഞാല്‍ പിന്നെ ആര്‍ അശ്വിനാണ്'; ഇന്ത്യന്‍ ടീമിനെ ട്രോളി ഹര്‍ഭജന്‍ സിംഗ്, കരകയറാന്‍ ഉപദേശം

55 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള രോഹിത് 3801 റണ്‍സാണ് നേടിയതെങ്കില്‍ അശ്വിന് 96 ടെസ്റ്റില്‍ 3222 റണ്‍സാണ് സമ്പാദ്യം

Harbhajan Singh trolls Team India Squad for 2nd Test against England
Author
First Published Feb 1, 2024, 8:26 AM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ട്രോളി ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. രോഹിത് ശര്‍മ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുള്ള താരം സ്പിന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനാണ് എന്നാണ് ഭാജിയുടെ നിരീക്ഷണം. മധ്യനിരയില്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര യുഗം അവസാനിക്കുകയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായിരിക്കുന്ന സാഹചര്യത്തിലുമാണ് മുന്‍ താരത്തിന്‍റെ ഈ പ്രതികരണം. നിലവിലെ ടെസ്റ്റ് സ്ക്വാഡില്‍ 55 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള രോഹിത് 3801 റണ്‍സാണ് നേടിയതെങ്കില്‍ അശ്വിന് 96 ടെസ്റ്റില്‍ 3222 റണ്‍സാണ് നേട്ടം. 

'രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം മോശമല്ല. എന്നാല്‍ പരിചയക്കുറവിന്‍റെ പ്രശ്നമുണ്ട്. രോഹിത് ശര്‍മ്മ കഴിഞ്ഞാല്‍ ഉയര്‍ന്ന റണ്‍ സ്കോററര്‍ ആര്‍ അശ്വിനാണ്. ബാറ്റിംഗ് നോക്കിയാല്‍ ലൈനപ്പ് ദുര്‍ബലമാണ്. ടേണിംഗ് പിച്ചുകളായതിനാലാവണം കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനും അക്സര്‍ പട്ടേലുമുണ്ടായിട്ടും ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിനെ ടീമിലെടുത്തത് എന്ന് തോന്നുന്നു. ഇത് യുവ ബാറ്റിംഗ് നിരയാണ്. അവര്‍ക്ക് കാലുറപ്പിക്കാന്‍ സമയം വേണം. എന്നാല്‍ താളം കണ്ടെത്തിയാല്‍ മികവിലെത്താന്‍ സാധിച്ചേക്കും' എന്നും ഹര്‍ഭജന്‍ സിംഗ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. 

നിലവിലെ ടെസ്റ്റ് ടീമില്‍ ഏറ്റവും പരിചയസമ്പന്നനായ ബാറ്റര്‍ നായകന്‍ രോഹിത് ശര്‍മ്മയാണ്. ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത് തുടങ്ങിയവരൊന്നും ഏറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ല. അതേസമയം രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ചേര്‍ക്കപ്പെട്ട സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരായ സര്‍ഫറാസ് ഖാനും രജത് പാടിദാറും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരെയും ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടില്ല. രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുമ്ര, ആവേഷ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവരാണ് ടെസ്റ്റ് സ്ക്വാഡിലുള്ള മറ്റ് താരങ്ങള്‍. സൗരഭും അരങ്ങേറ്റം കാത്തിരിക്കുകയാണ്. ഈ സ്ക്വാഡില്‍ ആര്‍ അശ്വിനാണ് ഏറ്റവും സീനിയര്‍ താരം. 

Read more: കാത്തുകാത്തിരുന്ന് സര്‍ഫറാസ് ഖാന്‍ വിശാഖപട്ടണത്ത് അരങ്ങേറുമോ? മറുപടിയുമായി ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios