Asianet News MalayalamAsianet News Malayalam

കാത്തുകാത്തിരുന്ന് സര്‍ഫറാസ് ഖാന്‍ വിശാഖപട്ടണത്ത് അരങ്ങേറുമോ? മറുപടിയുമായി ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍

ഇരുവരുടെയും സാധ്യതകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്

Sarfaraz Khan debut chances in IND vs ENG 2nd Test Team India batting coach Vikram Rathour responded
Author
First Published Feb 1, 2024, 7:46 AM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്കായി ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ അരങ്ങേറുമോ എന്ന ആകാംക്ഷയിലാണ് ഏവരും. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലേറെയായി തകര്‍ത്ത് കളിച്ചിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് താരത്തിന്‍റെ വരവ് വൈകുകയായിരുന്നു. സര്‍ഫറാസ് ഖാനൊപ്പം ഇന്ത്യ എയ്ക്കായി അടുത്തിടെ മികവ് കാട്ടിയ രജത് പാടിദാറും രണ്ടാം ടെസ്റ്റിനായുള്ള പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഇരുവരുടെയും സാധ്യതകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്. 

'സര്‍ഫറാസ് ഖാനും രജത് പാടിദാറും മികച്ച താരങ്ങളാണ് എന്ന് നമുക്കറിയാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇരുവരും എത്രത്തോളം മികവ് കാട്ടിയെന്നും നമുക്കറിയാം. സര്‍ഫറാസ്, രജത് എന്നിവരില്‍ ഒരാളെ മാത്രം ഇലവനിലേക്ക് എടുക്കുക പ്രയാസമുള്ള കാര്യമാണ്. ആരെ ഇലവനിലെടുക്കണം എന്ന് തീരുമാനിക്കുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമാണ്. ഇന്ത്യന്‍ പിച്ചുകളില്‍ ടീമിന് ഒരുപാട് സംഭാവന നല്‍കാന്‍ ഇരുവര്‍ക്കുമാകും. പിച്ചും സാഹചര്യങ്ങളും മനസിലാക്കിയ ശേഷമാകും ഇലവനെ നിശ്ചയിക്കുക. വിശാഖപട്ടണം വിക്കറ്റിനെ കുറിച്ച് പ്രവചിക്കുക അസാധ്യമാണ്. പന്ത് ടേണ്‍ ചെയ്യാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആദ്യ ദിനം മുതല്‍ ഇതുണ്ടാവണം എന്നില്ല. എന്നാല്‍ തുടര്‍ന്ന് പന്ത് കുത്തിത്തിരിയും എന്ന് പ്രതീക്ഷിക്കുന്നു' എന്നും വിക്രം റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. 

ഫെബ്രുവരി രണ്ട് മുതല്‍ വിശാഖപട്ടണത്താണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് വിജയിച്ച സന്ദര്‍ശകരായ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ മികച്ച ലീഡ് നേടിയിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. രാജ്കോട്ട്, റാഞ്ചി, ധരംശാല എന്നിവിടങ്ങളാണ് മൂന്നും നാലും അഞ്ചും ടെസ്റ്റുകള്‍ നടക്കുക. 

Read more: ടീമിലെത്തിയിട്ടും കാത്തിരിക്കണം; സര്‍ഫറാസ് ഖാന്‍റെ ടെസ്റ്റ് അരങ്ങേറ്റം വൈകാനിട, രജത് പാടിദാറിന് ഭാഗ്യ സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios