മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന് അടുത്തിടെയാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ എ19ന് ആരംഭിച്ച് നവംബര്‍ എട്ടിന് അവസാനിക്കുന്ന രീതിയിലാണ് ഫിക്‌സച്ചര്‍. അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗമാവും മത്സരക്രമവും തീയതികളും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. 51 ദിവസത്തെ ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക. ഐപിഎല്‍ നടക്കുമെന്ന് ഏറെകുറെ ഉറപ്പായിരിക്കെ. താരങ്ങള്‍ തമ്മില്‍ ട്രോളും ആരംഭിച്ചു. 

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ കൂടിയായ വിരാട് കോലി ട്വിറ്ററില്‍ പരസ്യ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്രോളിന്റെ തുടക്കം. ട്രോളിയതാവട്ടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഹര്‍ഭജന്‍ സിംഗും. പ്രമുഖ ബ്രാന്‍ഡിനായി കോലി ചെയ്ത പരസ്യത്തില്‍നിന്നുള്ള മഞ്ഞയില്‍ കുളിച്ച ചിത്രത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധിപ്പിച്ചായിരുന്നു ഹര്‍ഭജന്റെ ട്രോള്‍. 'ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി പ്രത്യേകം തയാറാക്കിയതുപോലുണ്ട്.' എന്നായിരുന്നു ഹര്‍ഭജന്റെ കമന്റ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും പോസ്റ്റിന് മറുപടി അയച്ചിട്ടുണ്ട്. ട്വീറ്റ് കാണാം.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ ആദ്യം ഏപ്രില്‍ 15വരെ നീട്ടിവെച്ചത്. എന്നാല്‍ കൊവിഡ് ഭീതി ഒഴിയാത്തതിനെത്തുടര്‍ന്ന് പിന്നീട് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാന്‍ കാരണമായി. നേരത്തെ ഇന്ത്യയില്‍ തന്നെ ഒന്നോ രണ്ടോ വേദികളില്‍ മാത്രമായി ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചിരുന്നു.