മുംബൈ: എക്കാലത്തെയും മികച്ച ഇലവനുകളെ തെരഞ്ഞെടുക്കുന്നത് ട്രെന്‍ഡായിട്ട് കുറച്ച് നാളായി. ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗും തനിക്ക് പ്രിയപ്പെട്ട ടെസ്റ്റ് ഇലവനുമായി രംഗത്തെത്തിയിരിക്കുകയാണ്. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഭാജിയുടെ ഇലവനിലുള്ളത്. തനിക്കൊപ്പമോ എതിരെയോ കളിച്ചവരെയാണ് ഇലവനായി ഹര്‍ഭജന്‍ പരിഗണിച്ചത്. 

വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇലവനിലെ ഇന്ത്യക്കാര്‍. സെവാഗും ഓസ്‌ട്രേലിയയുടെ മാത്യൂ ഹെയ്‌ഡനുമാണ് ടീമിലെ ഓപ്പണര്‍മാര്‍. രാഹുല്‍ ദ്രാവിഡ് മൂന്നാമതും സച്ചിന്‍ നാലാമതും ബാറ്റിംഗിനിറങ്ങും. ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്കസ് കാലിസ് ആണ് അഞ്ചാം നമ്പറില്‍.

ദാദ(സൗരവ് ഗാംഗുലി)യെ ഒഴിവാക്കി ഇതിഹാസ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയാണ് ഭാജി ക്യാപ്റ്റനാക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ മുന്‍താരം കുമാര്‍ സംഗക്കാരയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍. കാലിസിനെ കൂടാതെ ഷോണ്‍ പൊള്ളാക്കാണ് മറ്റൊരു ഓള്‍റൗണ്ടര്‍. ഓസീസിന്‍റെ ഷെയ്‌ന്‍ വോണ്‍ ഏക സ്‌പിന്നറായി ഇടംപിടിച്ചപ്പോള്‍ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ഗ്ലെന്‍ മഗ്രാത്തും വസീം അക്രവുമാണ് ടീമില്‍. 

ഹര്‍ഭജന്‍റെ ടെസ്റ്റ് ഇലവന്‍: വീരേന്ദര്‍ സെവാഗ്, മാത്യൂ ഹെയ്‌‌ഡന്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാക്ക് കാലിസ്, റിക്കി പോണ്ടിംഗ്(ക്യാപ്റ്റന്‍), കുമാര്‍ സംഗക്കാര(വിക്കറ്റ് കീപ്പര്‍), ഷോണ്‍ പൊള്ളോക്ക്, ഷെയ്‌ന്‍ വോണ്‍, വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്