ഇതിനുള്ള വഴിയായാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന, ടി20 പരമ്പരകളെ പാണ്ഡ്യ കാണുന്നത്

ബാര്‍ബഡോസ്: പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ബൗളിംഗില്‍ പിന്നോട്ടുപോയത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ട്വന്‍റി 20 ഫോര്‍മാറ്റില്‍ പലപ്പോഴും രണ്ടും മൂന്നും ഓവറുകള്‍ മാത്രമേ എറിയാന്‍ ഹാര്‍ദിക്കിനായുള്ളൂ. ടെസ്റ്റ് ക്രിക്കറ്റില്‍ താരം ഇപ്പോള്‍ കളിക്കുന്നില്ല. അതിനാല്‍ ഏകദിന ലോകകപ്പിന് തയ്യാറെടുക്കണമെങ്കില്‍ കൂടുതല്‍ ഓവറുകള്‍ എറിയേണ്ടതുണ്ട് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ. ഇതിനുള്ള വഴിയായാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന, ടി20 പരമ്പരകളെ പാണ്ഡ്യ കാണുന്നത്. 

'ലോകകപ്പിന് തയ്യാറെടുക്കാനായി ഞാന്‍ കൂടുതല്‍ ഓവറുകള്‍ പന്തെറിയേണ്ടതുണ്ട്. ഇപ്പോള്‍ സാവധാനമാണ് ഇതിലേക്ക് എത്തുന്നത്. ലോകകപ്പില്‍ എല്ലാം നല്ല രീതിയിലാവും എന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ഹാര്‍ദിക് പാണ്ഡ്യ വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തിന് ശേഷം വ്യക്തമാക്കി. രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായിരുന്ന പാണ്ഡ്യ 6.4 ഓവറുകള്‍ പന്തെറിഞ്ഞിരുന്നു. 38 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടാനായില്ല. മത്സരത്തില്‍ ഇന്ത്യന്‍ പേസ് നിരയെ നയിച്ചത് പാണ്ഡ്യയായിരുന്നു. ഒരു ഏകദിനവും മൂന്ന് ടി22കളും വിന്‍ഡീസിനെതിരെ അവശേഷിക്കുന്നുണ്ട്. വരാനിരിക്കുന്ന ഏഷ്യാ കപ്പും പാണ്ഡ്യക്ക് നിര്‍ണായകമാകും. 

നടുവിനേറ്റ പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവ് വലിയ വിമര്‍ശനം നേരിട്ടിരുന്നു. പലപ്പോഴും പന്തെറിയാത്ത താരത്തെ എന്തിന് ഓള്‍റൗണ്ടര്‍ എന്ന പേരില്‍ കളിപ്പിക്കുന്നു എന്നായിരുന്നു വിമര്‍ശനം. പന്തെറിയാത്ത താരത്തെ ഓള്‍റൗണ്ടറായി കാണാനാവില്ലെന്ന് മുന്‍ താരങ്ങള്‍ പരസ്യമായി പറഞ്ഞു. എന്നാല്‍ ഐപിഎല്‍ 2022 സീസണില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ തുടര്‍ച്ചയായി പന്തുകളെറിഞ്ഞ് പാണ്ഡ്യ തിരിച്ചുവരവിന്‍റെ സൂചന കാട്ടി. ഐപിഎല്‍ 2023ലും പാണ്ഡ്യ ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഇനിയുള്ള മത്സരങ്ങള്‍ താരത്തിന് നിര്‍ണായകമാണ്. വിന്‍ഡീസിന് എതിരായ ആദ്യ ഏകദിനം അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 181 റണ്‍സില്‍ പുറത്തായപ്പോള്‍ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. 

Read more: രോമാഞ്ചം, ഐതിഹാസികം! ഓവലില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി സ്റ്റുവര്‍ട്ട് ബ്രോഡ്- വീഡിയോ