മുംബൈ: പരിക്കില്‍ നിന്ന് മുക്തനായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മൈതാനത്തേക്ക് തിരിച്ചെത്തുന്നു. മുംബൈയില്‍ ഇന്നാരംഭിക്കുന്ന ഡി വൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റില്‍ പാണ്ഡ്യ കളിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. റിലയന്‍സ് 1 ടീമിനായാണ് പാണ്ഡ്യ കളിക്കുക. പാണ്ഡ്യയുടെ ഫിറ്റ്‌നസ് മനസിലാക്കാന്‍ സെലക്‌ടര്‍മാര്‍ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം സന്ദര്‍ശിച്ചേക്കും എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ ഹാര്‍ദിക് പാണ്ഡ്യ അഞ്ച് മാസത്തിന് ശേഷമാണ് പിച്ചില്‍ തിരിച്ചെത്തുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു പാണ്ഡ്യ. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവും ഐപിഎല്‍ മികവും പാണ്ഡ്യക്ക് നിര്‍ണായകമാകും. പരിക്കിന് തുടര്‍ന്ന് പാണ്ഡ്യക്ക് ഏറെ മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് പാണ്ഡ‍്യ അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് പ്രോട്ടീസിന് എതിരായ ടെസ്റ്റുകളും ബംഗ്ലാദേശ്- ലങ്കന്‍- ഓസ്‌ട്രേലിയന്‍ പരമ്പരകളും താരത്തിന് നഷ്‌ടമായിരുന്നു. ന്യൂസിലന്‍ഡിന് എതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല.