വിമര്‍ശകര്‍ക്കെല്ലാം മറുപടിയായി ഇപ്പോള്‍ ബാറ്റിംഗിനൊപ്പം പന്ത് കൊണ്ടും മികച്ച പ്രകടനം നടത്തി തിരിച്ചെത്തിയിരിക്കുകയാണ് പാണ്ഡ്യ

സെന്റ് കിറ്റ്‌സ്: പരിക്കിനും ശസ്‌ത്രക്രിയക്കും ശേഷമുള്ള തിരിച്ചുവരവില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya) പന്തെറിയാതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പന്ത് എറിയാത്ത ഹാര്‍ദിക്കിനെ ഓള്‍റൗണ്ടറായി കണക്കാനാവില്ലെന്നും, അതിനാല്‍ ഓള്‍റൗണ്ടറായി താരത്തെ ടീമിലുള്‍പ്പെടുത്തരുത് എന്നും അന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ബാറ്റിംഗിനൊപ്പം പന്ത് കൊണ്ടും മികച്ച പ്രകടനം നടത്തി തിരിച്ചെത്തിയിരിക്കുകയാണ് പാണ്ഡ്യ. തന്‍റെ ഓള്‍റൗണ്ട് മികവിലുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ എല്ലാ ആത്മവിശ്വാസവും വാക്കുകളില്‍ വ്യക്തം.

'ഞാന്‍ മുമ്പും പന്തെറിഞ്ഞിട്ടുണ്ട്. ആരെങ്കിലും നന്നായി പന്തെറിഞ്ഞില്ലായിരുന്നെങ്കിലാണ് എന്നെ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാലിപ്പോള്‍ മൂന്നാം പേസറോ നാലാം പേസറോ എന്ന നിലയില്‍ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനും എനിക്കാകും. ബാറ്റ് കൊണ്ട് ചെയ്യുന്നതുപോലെ തന്നെ പന്ത് കൊണ്ട് ടീമിന് സംഭാവനകള്‍ നല്‍കാനാവും. തീര്‍ച്ചയായും ഞാന്‍ ബൗളിംഗ് ആസ്വദിക്കുന്നു. ഞാന്‍ പന്തെറിയുമ്പോള്‍ ടീമിന് ഏറെ ബാലന്‍സ് ലഭിക്കുകയാണ്. ഇത് നായകന് ഏറെ ആത്മവിശ്വാസവും നല്‍കുന്നു' എന്നും വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ടി20യ്ക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. 

2018ലെ ഏഷ്യാ കപ്പിന് ശേഷം ഏറെക്കാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. തിരിച്ചുവരവിന് സമയമെടുത്ത താരം പിന്നീട് പന്ത് എറിയാനും കാത്തിരിക്കേണ്ടിവന്നു. ഇത് പാണ്ഡ്യയെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഓള്‍റൗണ്ട് മികവിലൂടെ കിരീടത്തിലെത്തിച്ച ശേഷം വമ്പന്‍ ഫോമിലാണ് താരം. വിന്‍ഡീസിന് എതിരായ മൂന്നാം ടി20യില്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹാര്‍ദിക് ഒരു വിക്കറ്റ് നേടിയിരുന്നു. 

ഇന്നലെ നടന്ന മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്‍റെ(73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ 24ഉം റിഷഭ് പന്ത് 33* ഉം റണ്‍സെടുത്തു. 11 റണ്‍സുമായി രോഹിത് ശര്‍മ്മ പരിക്കേറ്റ് പിന്‍മാറി. ബൗളിംഗില്‍ ഓപ്പണര്‍ ബ്രണ്ടന്‍ കിംഗിനെ പുറത്താക്കിയ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗില്‍ ആറ് പന്തില്‍ 4 റണ്‍സെടുത്ത് മടങ്ങി. 

ഭാരോദ്വഹനത്തില്‍ മറ്റൊരു മെഡല്‍; ദേശീയ റെക്കോര്‍ഡോടെ വെങ്കലമുയര്‍ത്തി ലൗവ്പ്രീത് സിംഗ്