ഏകദിനങ്ങളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബാറ്ററുമാണ് സ്മിത്ത്. മിച്ചല്‍ സാന്‍റ്നര്‍, ജോസ് ബട്‌ലര്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, ഉപുല്‍ തരംഗ എന്നിവരെ പാണ്ഡ്യ മൂന്ന് തവണ വീതം പുറത്താക്കിയിട്ടുണ്ട്.

ചെന്നൈ: ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് മുന്നില്‍ ഒരിക്കല്‍ കൂടി മുട്ടുമടക്കി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഏകദിനങ്ങളില്‍ അഞ്ചാം തവണയാണ് സ്മിത്ത് പാണ്ഡ്യയുടെ ഇരയാവുന്നത്. സ്മിത്തിനെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ രണ്ടാമത്തെ ബൗളറെന്ന നേട്ടവും ഇതോടെ ഹാര്‍ദ്ദിക്കിന്‍റെ പേരിലായി. ആറ് തവണ സ്മിത്തിനെ മടക്കിയ ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദാണ് ഏകദിനങ്ങളില്‍ ഓസീസ് നായകനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍.

ഏകദിനങ്ങളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബാറ്ററുമാണ് സ്മിത്ത്. മിച്ചല്‍ സാന്‍റ്നര്‍, ജോസ് ബട്‌ലര്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, ഉപുല്‍ തരംഗ എന്നിവരെ പാണ്ഡ്യ മൂന്ന് തവണ വീതം പുറത്താക്കിയിട്ടുണ്ട്. ചെന്നൈ ഏകദിനത്തില്‍ ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് പത്തോവറില്‍ 61 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു.

Scroll to load tweet…

എന്നാല്‍ ഹെഡിനെ പാണ്ഡ്യ പുറത്താക്കിയതോടെ ഡേവിഡ് വാര്‍ണര്‍ ടീമിലുണ്ടായിട്ടും വണ്‍ ഡൗണായി സ്മിത്താണ് ക്രീസിലെത്തിയത്. നേരിട്ട മൂന്നാം പന്തില്‍ തന്നെ സ്മിത്ത് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ടെസ്റ്റ് പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറിപോലും നേടാനാവാതിരുന്ന സ്മിത്തിന് ഏകദിന പരമ്പരയിലും തിളങ്ങാനായില്ല.

11 പന്തിനിടെ 3 വിക്കറ്റ്, ചെപ്പോക്കില്‍ ഓസീസിന്‍റെ തല തകര്‍ത്ത് മിന്നല്‍ പാണ്ഡ്യ-വീഡിയോ

മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ 22 റണ്‍സെടുത്ത് പുറത്തായ സ്മിത്ത് വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയില്ല. ചെന്നൈയിലെ മൂന്നാം മത്സരത്തിലാകട്ടെ അക്കൗണ്ട് തുറക്കും മുമ്പ് വീണു. അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ നേടിയ 38 റണ്‍സാണ് ഇന്ത്യന്‍ പര്യടനത്തിലെ സ്മിത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.