ടി20 ലോകകപ്പില്‍ ഹാര്‍ദിക് ആവും ഇന്ത്യയുടെ ഉപനായകനെന്ന് ഇന്‍സൈഡ് സ്‌പോര്‍ട്‌സാണ് റിപ്പോര്‍ട്ട് ചെയ്‌തത്
മുംബൈ: കെ എല്‍ രാഹുലിനെ(KL Rahul) മറികടന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ(Hardik Pandya) ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യ(India T20 Team) സ്ഥിരം വൈസ് ക്യാപ്റ്റനാക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍(T20 World Cup 2022) ഹാര്‍ദിക് ആവും ഇന്ത്യയുടെ ഉപനായകനെന്ന് ഇന്‍സൈഡ് സ്‌പോര്‍ട്‌സാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കെ എല്‍ രാഹുലിനെ അടിക്കടി പരിക്ക് വലയ്‌ക്കുന്നതാണ് സെലക്‌ടര്‍മാരുടെ കണ്ണുകള്‍ ഹാര്‍ദിക്കിലേക്ക് പതിയാനുള്ള ഒരു കാരണം.
'ഹാര്‍ദിക് പാണ്ഡ്യ ലോകോത്തര താരമാണ്. പൂര്‍ണ ഫിറ്റ്‌നസോടെ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയത് സന്തോഷം നല്‍കുന്നു. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണോ എന്നത് സെലക്‌ടര്‍മാരുടെ തീരുമാനമാണ്. എന്നാലും അദ്ദേഹം ഇപ്പോള്‍ തന്നെ ടീമിലെ നേതൃനിരയിലുണ്ട്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇരു സാഹചര്യങ്ങളും അദ്ദേഹത്തിന് അറിയാം. ഹാര്‍ദിക്കിന്‍റെ നായക മികവ് ഐപിഎല്ലില്‍ നാം കണ്ടതാണ്. നായകനായി മികച്ച പ്രകടനം ഹാര്‍ദിക് പുറത്തെടുക്കും' എന്നും ഒരു ബിസിസിഐ ഉന്നതന്‍ പറഞ്ഞതായി ഇന്‍സൈഡ് സ്‌പോര്‍ട്‌സിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.
പരിക്കിനും ശസ്‌ത്രക്രിയക്കും ശേഷമുള്ള തിരിച്ചുവരവില്‍ മിന്നും പ്രകടനമാണ് ബാറ്റും ബോളും കൊണ്ട് ഹാര്‍ദിക് പാണ്ഡ്യ പുറത്തെടുക്കുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി കിരീടത്തിലേക്ക് നയിച്ച താരം മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. ഇതിന് ശേഷം അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ ടി20 പരമ്പരയില്‍ നയിച്ച ഹാര്‍ദിക് ടീമിന് 2-0ന്‍റെ സമ്പൂര്‍ണ ജയം സമ്മാനിച്ചു.
ഏഷ്യാ കപ്പ് ടീമിനെ തന്നെയാവും ബിസിസിഐ ടി20 ലോകകപ്പിലും അണിനിരത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് എട്ടിന് ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതോടെ ഹാര്‍ദിക്കിനെ ഉപനായകനായി കാണാനാകുമോ എന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നു. ടി20യില്‍ സ്ഥിരം വൈസ് ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ പരിക്കിന് ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞ് ഏഷ്യാ കപ്പിലൂടെ മടങ്ങിയെത്തുന്നുമുണ്ട്. രാഹുലിനെ സ്ഥിരം പരിക്ക് വലയ്‌ക്കുന്നത് അദ്ദേഹത്തിന് പകരം ഹാര്‍ദിക്കിനെ ഉപനായകനാക്കാന്‍ സെലക്‌ടര്‍മാരെ പ്രേരിപ്പിച്ചേക്കും.
