മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ, ടീമിന് ആറാം ഐപിഎല്‍ കിരീടം നേടിക്കൊടുക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ടി20 ലോകകപ്പിലെ വിജയകരമായ കിരീട സംരക്ഷണത്തിന് ശേഷം മുംബൈയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയ പാണ്ഡ്യ, ടീമിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും മുംബൈ ഇന്ത്യന്‍സ് ഇതുവരെ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് ഈ സീസണില്‍ പുറത്തെടുക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.

ലക്ഷ്യം ആറാം കിരീടവും

2024-ലെ മോശം സീസണിന് ശേഷം ശക്തമായി തിരിച്ചുവന്ന മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് വരെ എത്തിയിരുന്നു. എന്നാല്‍ ക്വാളിഫയര്‍ രണ്ടില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിംഗ്‌സിനോട് പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയായി. യുവപ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന മുംബൈയുടെ ശൈലി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പാണ്ഡ്യ പറഞ്ഞു. ''ആറാം തവണയും ഐപിഎല്‍ കിരീടം നേടുക എന്നത് തന്നെയാണ് അന്തിമ സ്വപ്നം. അതോടൊപ്പം തന്നെ ഒരു പാരമ്പര്യം കെട്ടിപ്പടുക്കുക എന്നതും പ്രധാനമാണ്. ഞാന്‍ ഒരു തുടക്കക്കാരനായിരുന്ന കാലത്ത് ടീം എനിക്ക് നല്‍കിയ പിന്തുണയും കഠിനാധ്വാനം ചെയ്യാനുള്ള ആവേശവും ഇന്നും ഞാന്‍ ഓര്‍ക്കുന്നു.'' ഹാര്‍ദിക് പറഞ്ഞു.

ജസ്പ്രീത് ബുംറയെപ്പോലെ മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടിംഗ് സംവിധാനത്തിലൂടെ വളര്‍ന്നുവന്ന താരമാണ് ഹാര്‍ദിക്. വരും തലമുറയും ഇതേ രീതിയില്‍ ഭയമില്ലാതെ കളിക്കണമെന്നും ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമര്‍ശകര്‍ക്ക് മറുപടി

ഹാര്‍ദിക്കിന്റെ ജീവിതശൈലിയെക്കുറിച്ച് ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, മൈതാനത്തെ അദ്ദേഹത്തിന്റെ പ്രകടനത്തെ അത് ബാധിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ജേക്കബ് ബെഥലിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ അതിജീവിച്ച് ഡെത്ത് ഓവറുകളില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ഹാര്‍ദിക്കിന്റെ പ്രകടനം ഇതിന് തെളിവാണ്. ഹാര്‍ദിക് പാണ്ഡ്യ ടീമിലെ ഏറ്റവും കഠിനാധ്വാനികളായ കളിക്കാരില്‍ ഒരാളാണെന്ന് മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് കോച്ച് കെയ്റോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു.

തുടക്കകാലം മുതല്‍ക്കേ ഹാര്‍ദിക് വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നും എന്നാല്‍ തന്റെ കഠിനാധ്വാനത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും പൊള്ളാര്‍ഡ് ഓര്‍മ്മിപ്പിച്ചു. യുവതാരങ്ങള്‍ക്ക് ഇതൊരു വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

YouTube video player