സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും രോഹിത് ശര്‍മ്മ കളിക്കുന്നില്ലെന്ന് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സ്ഥിരീകരിച്ചു. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മോചിതനാകാന്‍ രോഹിത്തിന് ഇനിയും സമയം വേണ്ടിവരുമെന്നും, ധൃതിപ്പെട്ട് കളിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് തീരുമാനിച്ചതായും ഹാര്‍ദിക് വ്യക്തമാക്കി.

മുംബൈ: ഐപിഎല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ നിര്‍ണ്ണായക മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മ കളിക്കുന്നില്ല. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് വേളയിലാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ രോഹിത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപ്ഡേറ്റ് നല്‍കിയത്. രോഹിത് പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ ഇനിയും രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി വേണ്ടിവരുമെന്ന് ഹാര്‍ദിക് വ്യക്തമാക്കി. ഹാംസ്ട്രിംഗിനേറ്റ പരിക്ക് മൂലം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി രോഹിത് ടീമിന് പുറത്താണ്.

ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ ഹൈദരാബാദിനെതിരെ താരം തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, ധൃതിപ്പെട്ട് താരത്തെ കളിപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം. ഹാര്‍ദിക്കിന്റെ വാക്കുകള്‍ ഇങ്ങനെ... ''രോഹിത് തിരിച്ചെത്താന്‍ ഇനിയും കുറച്ച് മത്സരങ്ങള്‍ കൂടി എടുത്തേക്കും. അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നുണ്ട്, എങ്കിലും മത്സരത്തിന് സജ്ജമാകേണ്ട നിലവാരത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം ലഭ്യമല്ല.'' ഹാര്‍ദിക് വ്യക്തമാക്കി.

മുംബൈ നേരിടുന്ന വെല്ലുവിളി

സീസണില്‍ കളിച്ച ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന് രോഹിത്തിന്റെ അഭാവം വലിയ തിരിച്ചടിയാണ്. ഓപ്പണിംഗില്‍ രോഹിത്തിന് പകരം പരീക്ഷിച്ച ഡാനിഷ് മലേവാര്‍ പരാജയപ്പെട്ടതോടെ ഹൈദരാബാദിനെതിരെ വില്‍ ജാക്സിനെയാണ് മുംബൈ ഓപ്പണറായി ഇറക്കിയത്. 22 പന്തില്‍ 46 റണ്‍സുമായി ജാക്ക്‌സ് ഇന്ന് തിളങ്ങിയിരുന്നു.

സ്വന്തം മൈതാനമായ വാംഖഡെയില്‍ ഈ സീസണില്‍ ഇതിനകം മൂന്ന് മത്സരങ്ങള്‍ തോറ്റ മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കുക എന്ന കഠിനമായ ദൗത്യമാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മുന്നിലുള്ളത്.

YouTube video player