മുംബൈ: ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പരിക്കില്‍ ഇന്ത്യക്ക് വീണ്ടും ആശങ്ക. നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ പാണ്ഡ്യ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അഞ്ച് മാസത്തേക്ക് എങ്കിലും പാണ്ഡ്യക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.

കൂടുതല്‍ പരിശോധനകള്‍ക്കായി പാണ്ഡ്യ ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇല്ലാത്ത പാണ്ഡ്യക്ക് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും നഷ്ടമാകുമെന്ന് ഉറപ്പായി. ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പാണ്ഡ്യയുടെ പരിക്കും ഇന്ത്യക്ക് ആശങ്കയേറ്റുന്നത്.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റപ്പോള്‍ ഹര്‍ദ്ദികിനെ ചികിത്സിച്ചത് ലണ്ടനിലെ ഡോക്ടറായിരുന്നു. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമാവും പാണ്ഡ്യയെന്നാണ് വിലയിരുത്തുന്നത്.