പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും. 50 ഓവർ ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നസ് താരത്തിനില്ലെന്നും ബൗളിങ് വർക്ക്ലോഡ് പൂർത്തിയാക്കാൻ സാധിക്കാത്തതുമാണ് ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. 

ന്യൂഡല്‍ഹി: പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതായി റിപ്പോര്‍ട്ട്. 50 ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്‌നസ് ലെവലിലേക്ക് താരം എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഹാര്‍ദിക്കിന് ഇനിയും ബൗളിങ് വര്‍ക്ക്ലോഡ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീം സെലക്ഷനില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് താരം ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഈ അപ്രതീക്ഷിത തിരിച്ചടി. ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്നതിനിടെ ഹാര്‍ദിക്കിന് കടുത്ത നടുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ അദ്ദേഹം പ്രത്യേക ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയനായിരുന്നു. അവിടെ വെച്ചു നടന്ന പരിശീലന സെഷനുകളില്‍ 10 ഓവര്‍ വീതം പന്തെറിഞ്ഞ താരം തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

എന്നാല്‍, താരത്തിന് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഈ മാസം ആദ്യം നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. ഫിറ്റ്‌നസ് പരിശോധനയ്ക്കിടെ ബൗളിങ് വര്‍ക്ക്ലോഡ് കൂട്ടിയതാണ് പുതിയ പരിക്കിന് കാരണമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിംഗിന് തിരിച്ചടി

2027ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ പദ്ധതികള്‍ തയ്യാറാക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ തിരിച്ചടി. ടീമിന് മികച്ച ബാലന്‍സ് നല്‍കുന്ന ഒരു പേസ് ബൗളിംഗ് ഓള്‍റൗണ്ടറും ഫിനിഷറുമായ ഹാര്‍ദിക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രധാന താരമാണ്. 2023 ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റത് മുതല്‍ ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യന്‍ ടീം കോമ്പിനേഷനെ പലപ്പോഴും ബാധിച്ചിട്ടുണ്ട്.

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ അടുത്തിടെ സംസാരിച്ചിരുന്നു. ജസ്പ്രീത് ബുംറയെപ്പോലെ ഹാര്‍ദിക്കിനെയും ഏകദിന ക്രിക്കറ്റിനായി ഫിറ്റാക്കി നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും, അതിനായി ടി20 ക്രിക്കറ്റില്‍ അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം നല്‍കുമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.

YouTube video player