'ഷാര്‍ദുല്‍ കൊള്ളാം, പക്ഷേ അവനും വേണം'; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഹാര്‍ദിക്കിന് വേണ്ടി വാദിച്ച് ഹര്‍ഭജന്‍
ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയിലാണ് ഹാര്‍ദിക് ഇനി കളിക്കുക. അതിന് മുമ്പ് ഒരു ടെസ്റ്റിലും ഇന്ത്യ കളിക്കുക. കഴിഞ്ഞ വര്‍ഷം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ടെസ്റ്റിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരിക. ഹാര്‍ദിക്കിനെ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
മുംബൈ: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya). ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി (Gujarat Titans) നടത്തിയ പ്രകടനമാണ് ഹാര്‍ദിക്കിനെ വീണ്ടും ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹാര്‍ദിക്കിനെ അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ക്യാപ്റ്റനുമാക്കി.
ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയിലാണ് ഹാര്‍ദിക് ഇനി കളിക്കുക. അതിന് മുമ്പ് ഒരു ടെസ്റ്റിലും ഇന്ത്യ കളിക്കുക. കഴിഞ്ഞ വര്‍ഷം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ടെസ്റ്റിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരിക. ഹാര്‍ദിക്കിനെ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹാര്‍ദിക് ടീമില്‍ വേണമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) പറയുന്നത്.
ഹര്‍ഭജന്‍ വിശദീകരിക്കുന്നതിങ്ങനെ... ''എനിക്ക് തോന്നുന്നത്, ഹാര്‍ദിക് കൂടി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണമായിരുന്നുവെന്നാണ്. ഇംഗ്ലണ്ടിലെ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ശരിയാണ് ഷാര്‍ദുല്‍ ഠാക്കൂര്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഹാര്‍ദിക്ക് ഉണ്ടായിരുന്നെങ്കില്‍ ബാറ്റിംഗ് നിരയ്ക്ക് ആത്മവിശ്വാസം കൂടുമായിരുന്നു. അതുപോലെ ബൗളിംഗ് വകുപ്പും ശക്തപ്പെടുമായിരുന്നു.'' ഹര്‍ഭജന്‍ സ്‌പോര്‍ട്‌സ് കീഡയോട് പറഞ്ഞു.
''ഇംഗ്ലണ്ടിനെതിരെ നിര്‍ണായക മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് അറിയാം. ബെന്‍ സ്റ്റോക്‌സിന് കീഴില്‍ ഇംഗ്ലണ്ട്് പുതിയ ടീമായി. ഇന്ത്യക്കാവട്ടെ വര്‍ങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ പരമ്പര ജയിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. മത്സരം ജയിക്കാനുള്ള കരുത്ത് ഇന്നത്തെ ഇന്ത്യന്‍ ടീമിലനുണ്ട്.'' ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.
നാളെ വൈകിട്ട് മൂന്നരയ്ക്ക് എഡ്ജ്ബാസ്റ്റണിലാണ് കളി തുടങ്ങുക. ഇതിനിടെ രോഹിത് തിരിച്ചെത്തുന്നുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇന്നത്തെ കൊവിഡ് പരിശോധനാ ഫലത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂയെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. രോഹിത് കളിക്കുന്നില്ലെങ്കില്‍ ജസ്പ്രിത് ബുമ്ര ഇന്ത്യയെ നയിക്കും. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരിക്കും ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക.
1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പുജാരയോ കെ എസ് ഭരത്തോ ഓപ്പണറായേക്കും. ടീമിനൊപ്പം അവസാന നിമിഷം ചേര്‍ന്ന മായങ്ക് അഗര്‍വാളിനെ കളിപ്പിച്ചേക്കില്ല. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.