മുംബൈ: പരിക്കിന്റെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്നു. മുംബൈയിലെ ഡിവൈ പാട്ടീല്‍ ടി20 കപ്പ് സെമിയില്‍ ബിപിസിഎല്ലിനെതിരെ റിലയന്‍സ് വണ്ണിനായി ബാറ്റിംഗിനിറങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യ 55 പന്തില്‍ 158 റണ്‍സടിച്ചാണ് അടിച്ചു തകര്‍ത്തത്. ആറ് ഫോറും 20 സിക്സറുകളും അടങ്ങുന്നതാണ് ഹര്‍ദ്ദിക്കിന്റെ ഇന്നിംഗ്സ്.

ഹര്‍ദ്ദിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത റിലയന്‍സ് വണ്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. ലീഗ് മത്സരത്തില്‍ സിഎജിക്കെതിരെ ചൊവ്വാഴ്ച പാണ്ഡ്യ 39 പന്തില്‍ 105 റണ്‍സടിച്ചിരുന്നു. പാണ്ഡ്യ അടിച്ചുതകര്‍ത്തപ്പോള്‍ ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ വീണ്ടും നിരാശപ്പെടുത്തി. മൂന്ന് റണ്‍സെടുത്ത് ധവാന്‍ പുറത്തായി.

മറുപടി ബാറ്റിംഗില്‍ ബിപിസിഎല്ലിനെ 134 റണ്‍സിന് പുറത്താക്കി 104 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി റിലയന്‍സ് ഫൈനലിലെത്തി. ഒരോവര്‍ ബൗള്‍ ചെയ്ത പാണ്ഡ്യ ആറ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളിലൂടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു.