ബംഗ്ലാദേശിന്‍റെ റിഷാദ് ഹൊസൈനെ ബൗണ്ടറിയില്‍ ഓടിപ്പിടിച്ച് ആരാധകരെ അമ്പരപ്പിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ.
ദില്ലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ 86 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് കളിയിലെ താരമായത്. 34 പന്തില്‍ 74 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങിയ നിതീഷ് കുമാര്‍ നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി.
മീഡിയം പേസ് ബൗളറായ നിതീഷ് റെഡ്ഡി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പറ്റിയ പകരക്കാരനാകുമെന്നാണ് ഇന്ത്യൻ ആരാധകരും കരുതുന്നത്. നിതീഷ് റെഡ്ഡി നാലോവറും പന്തെറിഞ്ഞതിനാല്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഇന്നലെ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ബൗളിംഗ് കൊടുത്തതുമില്ല, ബാറ്റിംഗിനിറങ്ങിയപ്പോള്‍ 19 പന്തില്‍ 32 റണ്‍സടിച്ച് വെടിക്കെട്ട് ഫിനിഷിംഗ് നല്‍കിയ ഹാര്‍ദ്ദിക് പക്ഷെ ഇന്ത്യ ബൗളിംഗിനിറങ്ങിയപ്പോള്‍ സാന്നിധ്യമറിയിച്ചത് തകര്‍പ്പന്‍ ഫീല്‍ഡിംഗിലൂടെയായിരുന്നു.
ആരോപണങ്ങളുടെ ട്രാക്കില്‍ പി ടി ഉഷ; ഒളിംപിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയം
വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബംഗ്ലാദേശിന്‍റെ വാലറ്റക്കാരന്‍ റിഷാദ് ഹൊസൈനെയാണ് ഹാര്‍ദ്ദിക് ബൗണ്ടറിയില്‍ ഓടിപ്പിടിച്ചത്. ഡീപ് മിഡ് വിക്കറ്റില്‍ 27 വാരയോളം ഓടിയ ഹാര്‍ദ്ദിക് അവിശ്വസനീയമായി പന്ത് ഒറ്റക്കൈയിലൊതുക്കിയത് അമ്പരപ്പോടെയാണ് ആരാധകര്‍ കണ്ടത്. പന്ത് കൈയിലൊതുക്കിയശേഷം ഹാര്‍ദ്ദിക് വീണത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കിയെങ്കിലും ചിരിയോടെ ഹാര്‍ദ്ദിക് പന്ത് ഉയര്‍ത്തിക്കാട്ടി എഴുന്നേറ്റത് ആശ്വാസമായി.
അവിശ്വസനീയ ക്യാച്ച് കൈയിലൊതുക്കിയതിന്‍റെ ആവേശം ഗ്രൗണ്ടിലും പുറത്തെടുത്ത ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റന്‍ സൂര്യകുമാര്യ യാദവ് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.
