ലണ്ടന്‍: ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20ക്കിടെയാണ് പാണ്ഡ്യയുടെ പരുക്ക് ഗുരുതരമായത്. എന്നാല്‍ പാണ്ഡ്യ എത്രകാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. മൊഹാലിയിലും ബെംഗളൂരുവിലും നടന്ന ടി20കള്‍ക്കു ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ ചികിത്സക്കായി  ലണ്ടനിലേക്ക് പോയത്. നേരത്തെ പരുക്കിന്‍റെ പിടിയിലായിരുന്ന താരം ലോകകപ്പില്‍ കളിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20യോടെ പരുക്ക് ഗുരുതരമാവുകയായിരുന്നു. 

ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ബൗളിംഗിനിടെ ക്രീസില്‍ വീണപ്പോഴാണ് ഹാര്‍ദിക്കിന് ആദ്യം പരുക്കേറ്റത്. തുടര്‍ന്ന് മൈതാനം വിട്ട താരം പരിശോധനകള്‍ക്ക് വിധേയമായി. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20യും ഏകദിനങ്ങളും ഇന്ത്യ കളിച്ചപ്പോള്‍ പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമായി.