പലപ്പോഴും രാത്രി വൈകിയും നീണ്ടുനിന്നിരുന്ന പരിശീലന സെഷനുകളിൽ ഹാർദിക്കിന് എല്ലാവിധ പിന്തുണയും നൽകിയത് ഇവിടുത്തെ ഗ്രൗണ്ട് സ്റ്റാഫായിരുന്നു.
മുംബൈ: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യ. ലോകകപ്പിന് മുന്നോടിയായി വാംഖഡെ സ്റ്റേഡിയത്തിൽ കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടപ്പോള്‍ തനിക്ക് എല്ലാ സഹയാവും നല്‍കിയ ഗ്രൗണ്ട് സ്റ്റാഫിന് ലക്ഷങ്ങളുടെ സമ്മാനം നല്‍കിയാണ് ഹാര്‍ദിക് വാക്കുപാലിച്ചത്. ഐപിഎല്ലിന് മുന്നോടിയായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പതിനൊന്നോളം ഗ്രൗണ്ട് സ്റ്റാഫിന് ഒരോരുത്തര്‍ക്കും 10 ലക്ഷം രൂപയുടെ ചെക്കും മറ്റ് നിരവധി സമ്മാനങ്ങളും നല്‍കിയാണ് ഹാര്‍ദിക് ആരാധകരുടെ ഹൃദയം തൊട്ടത്.
പലപ്പോഴും രാത്രി വൈകിയും നീണ്ടുനിന്നിരുന്ന പരിശീലന സെഷനുകളിൽ ഹാർദിക്കിന് എല്ലാവിധ പിന്തുണയും നൽകിയത് ഇവിടുത്തെ ഗ്രൗണ്ട് സ്റ്റാഫായിരുന്നു. അന്ന് അവർക്ക് നൽകിയ ഉറപ്പാണ് ലോകകപ്പ് വിജയത്തിന് ശേഷം ഹാർദിക് പാലിച്ചത്. വ്യാഴാഴ്ച വാംഖഡെയിലെത്തിയപ്പോഴാണ് ഹാര്‍ദിക് ഗ്രൗണ്ട് സ്റ്റാഫിന് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപയുടെ ചെക്ക് കൈ മാറിയത്. വാംഖഡെയില്‍ നടന്ന ആവേശകരമായ സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തായിരുന്നു ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയത്.
അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ ഹാർദിക്കിന്‍റെ പ്രകടനം നിർണ്ണായകമായിരുന്നു. 2024-ലും 2026-ലും ലോകകപ്പ് നേടിയ ടീമിൽ അംഗമായതോടെ രണ്ട് തവണ ടി20 ലോകകപ്പ് കിരീടം ചൂടുന്ന അപൂർവ്വ താരമായും ഹാർദിക് മാറി. ലോകകപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പങ്കാളി മഹികാ ശർമ്മയ്ക്ക് 10 കോടി രൂപ വിലമതിക്കുന്ന ആഡംബര സൂപ്പർകാർ സമ്മാനിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ സമ്മാനിച്ചിരുന്നു.വേഗതയുടെയും ആഡംബരത്തിന്‍റെയും പ്രതീകമായ ഫെറാരി 12 സിലിണ്ടറി ആണ് ഹാർദിക് സമ്മാനമായി നല്‍കിയത്. ലോകകപ്പിന് മുമ്പ് ആദ്യഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനും മകനും ഹാര്‍ദിക് ആഢംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു.
