Hardik Pandya : ബൗള്‍ ചെയ്യാത്ത അയാളെങ്ങനെ ഓള്‍ റൗണ്ടറാവും, ഹാര്‍ദിക്കിനെതിരെ ചോദ്യവുമായി കപില്‍ ദേവ്
ലോകകപ്പില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചശേഷം നടന്ന മത്സരങ്ങളില്‍ രണ്ടോവര്‍ മാത്രമാണ് ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞത്. കായികക്ഷമത സംബന്ധിച്ച പ്രശ്നങ്ങളുള്ളതിനാല്‍ ലോകകപ്പിനുശേഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഹാര്‍ദിക്കിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

കൊല്‍ക്കത്ത: ബൗള്‍ ചെയ്യാതിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ( Hardik Pandya) ഓള്‍ റൗണ്ടറെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്(Kapil Dev). പരിക്കില്‍ നിന്ന് മോചിതനായി ടി20 ലോകകപ്പില്‍(T20 World Cup) ഓള്‍ റൗണ്ടറെന്ന നിലയില്‍ തിരിച്ചെത്തിയ പാണ്ഡ്യ ബൗള്‍ ചെയ്യാതിരുന്നതും ബാറ്ററെന്ന നിലയില്‍ മാത്രം ഹാര്‍ദിക്കിനെ ടീമില്‍ കളിപ്പിച്ചതും ഇന്ത്യയുടെ ടീം സന്തുലനത്തെ തന്നെ ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി കപില്‍ രംഗത്തെത്തിയത്.
ലോകകപ്പില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചശേഷം നടന്ന മത്സരങ്ങളില്‍ രണ്ടോവര്‍ മാത്രമാണ് ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞത്. കായികക്ഷമത സംബന്ധിച്ച പ്രശ്നങ്ങളുള്ളതിനാല്‍ ലോകകപ്പിനുശേഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഹാര്‍ദിക്കിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഓള്‍ റൗണ്ടറെന്ന വിശേഷണം ലഭിക്കണമെങ്കില്‍ ഹാര്‍ദിക് പന്തെറിയുകയും ബാറ്റ് ചെയ്യുകയും വേണം. പന്തെറിയാത്ത അയാളെ എങ്ങനെയാണ് ഓള്‍ റൗണ്ടറെന്ന് പറയാനാവുക. ആദ്യ അയാള്‍ പന്തെറിയട്ടെ. പരിക്കില്‍ മോചിതനായി തിരിച്ചെത്തിയ പാണ്ഡ്യ ബാറ്ററെന്ന നിലയില്‍ ടീമിന്‍റെ പ്രധാനപ്പെട്ട കളിക്കാരനാണെന്നും പന്തെറിയുന്നതിന് മുമ്പ് കൂടുതല്‍ മത്സരങ്ങളില്‍ പന്തെറിയേണ്ടതുണ്ടെന്നും അതിനുശേഷം അയാളെ ഓള്‍ റൗണ്ടറെന്ന് വിളിച്ചാല്‍ മതിയെന്നും കപില്‍ പറഞ്ഞു.
രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയുമാണ് തന്‍റെ പ്രിയപ്പെട്ട ഓള്‍ റൗണ്ടര്‍മാരെന്നും കപില്‍ പറഞ്ഞു. എന്നാല്‍ സമീപകാലത്ത് ജഡേജയുടെ ബാറ്റിംഗ് മെച്ചപ്പെട്ടപ്പോള്‍ ബൗളിംഗ് താഴേക്ക് പോയെന്നും കപില്‍ പറഞ്ഞു. കരിയര്‍ തുടങ്ങുമ്പോള്‍ അയാള്‍ നല്ല ബൗളറായിരുന്നു. ഇപ്പോള്‍ മികച്ച ബാറ്ററും. ഇന്ത്യക്ക് ആവശ്യമുള്ളപ്പോഴൊക്കെ റണ്ണടിക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. എന്നാല്‍ ബൗളറെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രകടനം താഴേക്ക് പോകുകയാണെന്നും കപില്‍ പറഞ്ഞു.
ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് തിളങ്ങാനാവുമെന്നും കപില്‍ പറഞ്ഞു. നല്ല മനുഷ്യനാണ് അദ്ദേഹം, മികച്ച ക്രിക്കറ്ററും. ക്രിക്കറ്ററെന്ന നിലയിലെക്കാള്‍ കോച്ച് എന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനാവും. കാരണം ക്രിക്കറ്റില്‍ അദ്ദേഹത്തെക്കാള്‍ മികച്ചവരായി ആരുമില്ല എന്നത് തന്നെ. പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രകടനം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കപില്‍ പറഞ്ഞു.
ഒന്നോ രണ്ടോ പരമ്പരകള്‍ കൊണ്ട് ദ്രാവിഡിന്‍റെ മികവ് അളക്കാനാവില്ലെന്നും കുറച്ചുകാലം കൂടി കാത്തിരുന്നാലെ ദ്രാവിഡ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസിലാസവുകയുള്ളൂവെന്നും കപില്‍ വ്യക്തമാക്കി.