കടുത്ത പനിമൂലം മത്സരത്തലേന്ന് ആശുപത്രിയിലായിരുന്നെങ്കിലും അതെല്ലാം അവഗണിച്ച് ടോസിനായി ഹര്‍മന്‍ ഗ്രൗണ്ടിലെത്തിയപ്പോഴാണ് ആരാധകര്‍ക്കും ശ്വാസം നേരെ വീണത്. ടോസ് സമയത്ത് ഹര്‍മന്‍റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മത്സരത്തിന് സജ്ജയാണെന്നും ആത്മവിശ്വാസത്തോടെ ഹര്‍മന്‍ പറയുകയും ചെയ്തു.

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കളിക്കാനാകുമോ എന്ന വലിയ ആശങ്കയിലായിരുന്നു ഇന്ത്യന്‍ ടീം. പരിക്കുമൂലം പൂജ വസ്ട്രാക്കര്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ ഹര്‍മനും കൂടി കളിച്ചില്ലെങ്കില്‍ കരുത്തരായ ഓസീസിനെതിരെ ആദ്യ പന്തെറിയും മുമ്പെ തോല്‍വി സമ്മതിക്കേണ്ടിവരുമോ എന്നതായിരുന്നു ഇന്ത്യയുടെ വലിയ ആശങ്ക.

കടുത്ത പനിമൂലം മത്സരത്തലേന്ന് ആശുപത്രിയിലായിരുന്നെങ്കിലും അതെല്ലാം അവഗണിച്ച് ടോസിനായി ഹര്‍മന്‍ ഗ്രൗണ്ടിലെത്തിയപ്പോഴാണ് ആരാധകര്‍ക്കും ശ്വാസം നേരെ വീണത്. ടോസ് സമയത്ത് ഹര്‍മന്‍റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മത്സരത്തിന് സജ്ജയാണെന്നും ആത്മവിശ്വാസത്തോടെ ഹര്‍മന്‍ പറയുകയും ചെയ്തു.

ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റ് ചെയ്ത് 172 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ കരുത്തരായ ഓസീസ് ബൗളിംഗ് നിരക്കെതിരെ ഇന്ത്യക്കത് മറികടക്കാനാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുമുണ്ടായി. 28 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമാകുക കൂടി ചെയ്തതോടെ തോല്‍വി ഉറപ്പിച്ച ആരാധകരെ ഞെട്ടിച്ചാണ് ജെമീമയെ കൂട്ടുപിടിച്ച് ഹര്‍മന്‍ പോരാട്ടം ഏറ്റെടുത്തത്. തകര്‍ത്തടിച്ച ജെമീമക്കൊപ്പം ഹര്‍മനും ചേര്‍ന്നതോടെ ഓസീസ് വിറച്ചു. ഓവറില്‍ 10 റണ്‍സ് വെച്ചെടുത്ത ഇരുവരും അനായാസം ഇന്ത്യയെ ജയത്തിലെത്തിക്കുമെന്ന് കരുതിയിരിക്കെ ജെമീമ മടങ്ങി. എന്നാല്‍ പോരാട്ടം തുടര്‍ന്ന ഹര്‍മന്‍ ഇന്ത്യയെ ഐതിഹാസിക ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് കരുതിയിരിക്കെ നിര്‍ഭാഗ്യത്തിന്‍റെ രൂപത്തില്‍ വന്ന റണ്ണൗട്ട് കളി മാറ്റിമറിച്ചു.

അലസതയോ നിര്‍ഭാഗ്യമോ, ആ റണ്ണൗട്ട് വിശ്വസിക്കാനാവാതെ മന്ദാന; ദേഷ്യമടക്കാനാവാതെ ബാറ്റ് വലിച്ചെറിഞ്ഞ് ഹര്‍മന്‍

ഹര്‍മന്‍ പുറത്താകുമ്പോള്‍ 33 പന്തില്‍ 41 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിംഗും ഫീല്‍ഡിംഗും കാഴ്ചവെച്ച ഓസീസ് അഞ്ച് റണ്‍സിന്‍റെ ജയവുമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. തോല്‍വിക്കുശേഷം ഹര്‍മന് അടുത്തെത്തിയ മുന്‍ ക്യാപ്റ്റന്‍ അഞ്ജും ചോപ്രക്ക് മുന്നില്‍ ഹര്‍മന് സങ്കടം അടക്കാനായില്ല. അഞ്ജുമിന്‍റെ തോളില്‍ തലവെച്ച് പൊട്ടിക്കരഞ്ഞ ഹര്‍മനെ ആശ്വസിപ്പിക്കാന്‍ സഹതാരം ഹര്‍ലീന്‍ ഡിയോളിനു പോലും ആയില്ല.

View post on Instagram

ഹര്‍മന്‍റെ കണ്ണീര്‍ തുടച്ച് ഡിയോള്‍ അടുത്തു നിന്നു. മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ഹര്‍മന്‍ പറഞ്ഞത്, തന്‍റെ കണ്ണീര്‍ രാജ്യം കാണാതിരിക്കാനാണ് ഈ സണ്‍ഗ്ലാസ് ധരിച്ചിരിക്കുന്നത് എന്നായിരുന്നു. ഹര്‍മന്‍റെ സങ്കടം കുറക്കാനാണ് താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ അടുത്തേക്ക് പോയതെന്നും കളിക്കാരിയെന്ന നിലയില്‍ ആ സങ്കടം തനിക്ക് മനസിലാവുമെന്നും അഞ്ജും ചോപ്രയും പറഞ്ഞു.

View post on Instagram