പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തോടെ, മിതാലി രാജിനെ മറികടന്ന് ഇന്ത്യയെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നയിച്ച വനിതാ ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗര്‍ മാറി. ഈ ചരിത്രനേട്ടത്തിനൊപ്പം, മത്സരത്തില്‍ നിര്‍ണായകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കാനും താരത്തിനായി.
ബര്‍മിംഗ്ഹാം: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ടി20) ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച വനിതാ ക്യാപ്റ്റന്‍ എന്ന ചരിത്ര റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജിന്റെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് മറികടന്നത്.
ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പാകിസ്താനെതിരെ ടോസ് ചെയ്യാനായി ഹര്‍മന്‍പ്രീത് കൗര്‍ മൈതാനത്തേക്ക് ഇറങ്ങിയ നിമിഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഒരു പുതിയ യുഗപ്പിറവിക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യയെ ആകെ 156 അന്താരാഷ്ട്ര മത്സരങ്ങളില്‍ നയിച്ച മിതാലി രാജിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് കൗര്‍ ഈ മത്സരത്തോടെ (157ാം മത്സരം) മറികടന്നത്. ഇതിനകം തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങളില്‍ ക്യാപ്റ്റനായ താരം എന്ന റെക്കോര്‍ഡ് ഹര്‍മന്‍പ്രീതിന്റെ പേരിലുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഇന്ത്യയുടെ ഏറ്റവും വലിയ നായികയായി താരം മാറിയത്.
ഈ വിജയത്തോടെ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലും ഹര്‍മന്‍പ്രീത് തന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കി. ക്യാപ്റ്റന്‍സിയില്‍ ചരിത്രം കുറിച്ച ഈ മത്സരത്തില്‍ ബാറ്റിംഗിലും മികച്ച പ്രകടനമാണ് ഹര്‍മന്‍പ്രീത് പുറത്തെടുത്തത്. നാലാം നമ്പറിലിറങ്ങി ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത ക്യാപ്റ്റന്‍, 29 പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടി ഇന്ത്യയെ 165 എന്ന ശക്തമായ സ്‌കോറിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
മത്സരശേഷം ഈ ചരിത്ര റെക്കോര്‍ഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍, വ്യക്തിഗത റെക്കോര്‍ഡുകളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാനെ 64 റണ്‍സിന് തകര്‍ത്ത് ടൂര്‍ണമെന്റ് വിജയത്തോടെ തുടങ്ങാന്‍ കഴിഞ്ഞതാണ് ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് ഏറ്റവും വലിയ സന്തോഷം നല്‍കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

