സിഡ്‌നി: വനിതാ ടി20 ലോകകപ്പില്‍ റിസര്‍വ് ദിനങ്ങള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 'ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ നടക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ പിന്തുടരേണ്ടതുണ്ട്. റിസര്‍വ് ദിനങ്ങള്‍ ഉണ്ടായിരിക്കുക ഭാവിയില്‍ നല്ലതാകും' എന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി. 

ഇംഗ്ലണ്ടിനെതിരായ സെമി മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ പ്രതികരണം. ഇതോടെ ഇന്ത്യ ഫൈനലിന് നേരിട്ട് യോഗ്യത നേടിയിരുന്നു. ടി20 ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്. കളിച്ച നാല് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായതാണ് ഇന്ത്യക്ക് തുണയായത്. അതേസമയം ഇംഗ്ലണ്ടിന് മൂന്ന് ജയങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഷെഫാലിക്കും സ്‌മൃതിക്കും ക്യാപ്റ്റന്‍റെ പ്രശംസ

ലോകകപ്പ് മത്സരങ്ങളില്‍ മികച്ച തുടക്കം നല്‍കുന്ന ഷെഫാലി വര്‍മ്മയെയും സ്‌മൃതി മന്ദാനയെയും ഹര്‍മന്‍പ്രീത് കൗര്‍ പ്രശംസിച്ചു. 'ഷെഫാലിയും സ്‌മൃതിയും ഞങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കുന്നു. ഞാനും സ്‌മൃതിയും നെറ്റ്‌സില്‍ ഏറെ നേരും ചിലവിടുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാനായില്ല. എന്നാല്‍ ടീമംഗങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ' എന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

Read more: ഇംഗ്ലണ്ടിനെതിരായ സെമി മഴ കാരണം ഉപേക്ഷിച്ചു; ഇന്ത്യന്‍ വനിതകള്‍ ടി20 ലോകകപ്പിന്‍റെ ഫൈനലില്‍