72 മത്സരങ്ങളില്‍ 41 ജയങ്ങള്‍ നേടിയ എം എസ് ധോണിയെ ഹര്‍മന്‍പ്രീത് കൗര്‍ മറികടക്കുകയായിരുന്നു

ബര്‍മിംഗ്ഹാം: രാജ്യാന്തര ടി20യില്‍(T20I) ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീത് കൗറിന്(Harmanpreet Kaur) സ്വന്തം. ഇന്ത്യന്‍ പുരുഷ ടീമിന്‍റെ മുന്‍ ഇതിഹാസ നായകന്‍ എം എസ് ധോണിയേയാണ്(MS Dhoni) വനിതാ ടീം ക്യാപ്റ്റന്‍ മറികടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍(CWG 2022) വൈരികളായ പാകിസ്ഥാനെതിരായ ജയത്തോടെയാണ് ഹര്‍മന്‍റെ നേട്ടം. 

ഇന്ത്യന്‍ പുരുഷ ടി20 ടീമിനെ ഇതുവരെ വീരേന്ദര്‍ സെവാഗ്, എം എസ് ധോണി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് നയിച്ചിട്ടുള്ളത്. വനിതാ ടി20 ടീമിനെ മിതാലി രാജ്, ജൂലന്‍ ഗോസ്വാമി, അഞ്ജും ചോപ്ര, ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ഥാന എന്നിവരും നയിച്ചു. ഇവരില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ക്യാപ്റ്റന്‍ ഹര്‍മനാണ്. 

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ജയത്തോടെ ഹര്‍മന്‍പ്രീത് കൗര്‍ രാജ്യാന്തര ടി20യില്‍ ക്യാപ്റ്റനായി 42 ജയങ്ങള്‍ പൂര്‍ത്തിയാക്കി. 71 മത്സരങ്ങളിലാണ് ഇന്ത്യന്‍ വനിതാ ടി20 ടീമിനെ ഹര്‍മന്‍ നയിച്ചിട്ടുള്ളത്. 72 മത്സരങ്ങളില്‍ 41 ജയങ്ങള്‍ നേടിയ എം എസ് ധോണിയെ ഹര്‍മന്‍ മറികടക്കുകയായിരുന്നു. രാജ്യാന്തര വനിതാ ടി20യില്‍ ഷാര്‍ലറ്റ് എഡ്‌വേഡ്‌സിനും(68), മെഗ് ലാന്നിംഗിനും ശേഷം കൂടുതല്‍ ജയമുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. 

ഇന്ത്യന്‍ വനിതാ ടി20 ടീമിന്‍റെ റെക്കോര്‍ഡ് പരിഗണിച്ചാല്‍ 17 ജയങ്ങളുമായി ഇതിഹാസ താരം മിതാലി രാജാണ് രണ്ടാം സ്ഥാനത്ത്. ഹര്‍മനും ധോണിക്കും പിന്നില്‍ മൂന്നാമതുള്ള കോലിക്ക് 30 ഉം നാലാമന്‍ രോഹിത് ശര്‍മ്മയ്‌ക്കും 27ഉം വിജയങ്ങളുണ്ട്. 

ലോൺ ബൗൾസില്‍ വനിതകളുടെ ചരിത്ര ഫൈനല്‍ വൈകിട്ട്, ഭാരോദ്വഹനത്തിലും പ്രതീക്ഷ; ഇന്ന് മെഡല്‍ വാരാന്‍ ഇന്ത്യ