മെല്‍ബണ്‍: ഈ ടീമില്‍ വിശ്വാസമുണ്ടെന്ന് ഇന്ത്യന്‍ വനിത ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ തോല്‍വിക്ക് ശേഷം സംസാരിക്കുകയായിരുന്നു കൗര്‍. ഫൈനലില്‍ 85 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ആതിഥേയര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 99 റണ്‍സിന് പുറത്താവുകയായിരുന്നു. 

പരാജയപ്പെട്ടെങ്കിലും ടീമിന്റെ പോരാട്ടവീര്യത്തെ കൗര്‍ അഭിനന്ദിച്ചു. ക്യാപ്റ്റന്‍ തുടര്‍ന്നു.. ''ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ ഫൈനലില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ വിട്ടുകളഞ്ഞു. എങ്കിലും ഈ ടീമില്‍ ഒരുപാട് വിശ്വാസമുണ്ട്.

അടുത്ത ഒന്നരവര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. മെച്ചപ്പെടേണ്ട ചില മേഖലകളില്‍ നന്നായി കഠിനാധ്വാനം ചെയ്യണം. പ്രത്യേകിച്ച് ഫീല്‍ഡിങ്ങിലെ പിഴവുകള്‍ പരിഹരിക്കണം. ഇന്നത്തെ മത്സരം കൈവിട്ട് പോയത് ഫീല്‍ഡിങ്ങിലെ പിഴവുകൊണ്ടാണ്. ഇത്തരം കാര്യങ്ങള്‍ മനസിലാക്കുന്നു. ഈ ടീമില്‍ എനിക്ക് വിശ്വാസമുണ്ട്. 

ടീം ഒരുപാട് മേഖലകളില്‍ പുരോഗതി കൈവരിച്ചു. എന്നാല്‍ ചില മത്സരങ്ങളില്‍ ടീമിന്റെ മുഴുവനും നല്‍കാന്‍ സാധിക്കുന്നില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ടീം ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുമെന്ന് കരുതാം. ആഭ്യന്തര ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. അതിലൂടെ പുതിയ താരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം.'' കൗര്‍ പറഞ്ഞുനിര്‍ത്തി.