മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാറ്റം വരുത്താന്‍ മെയ് 23 വരെ സമയമുണ്ടെന്ന് ഓര്‍മിപ്പിച്ച് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭോഗ്‌ലെയുടെ ട്വീറ്റ് വന്നത്. ടീമില്‍ നിന്ന് ആരെ മാറ്റണമെന്ന് എടുത്ത് പറഞ്ഞില്ലെങ്കിലും സെലക്ഷനില്‍ അദ്ദേഹം തൃപ്തനല്ല എന്ന് തെളിയിക്കുന്നതാണ് ഭോഗ്‌ലെയുുടെ ട്വീറ്റ്.

സന്തുലിത ടീം എന്ന് പലരും സമ്മതിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും ടീം സെലക്ഷനില്‍ തൃപ്തരല്ല. ഋഷഭ് പന്ത്, അമ്പാട്ടി റായുഡു എന്നിവരെ ഒഴിവാക്കിയത് ചര്‍ച്ചയാവുന്നുണ്ട്. പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ ടീമിലെടുത്തത് പലരിലും എതിര്‍പ്പുണ്ടാക്കി. ഇതിനിടെയാണ് ഭോഗ്‌ലെയുടെ ട്വീറ്റ്. 

ട്വീറ്റ് ഇങ്ങനെ... ''ലോകകപ്പിന് തെരഞ്ഞെടുക്കപ്പെട്ട ടീം താല്‍കാലിക സ്‌ക്വാഡാണ്. ഐസിസി അനുമതി കൂടാതെ തന്നെ ടീമില്‍ മാറ്റം വരുത്താന്‍ മെയ് 23 വരെ അധികാരമുണ്ട്.'' എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.