മറ്റൊരു മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെതിരെ മുംബൈക്കായി ബാറ്റിംഗിനിറങ്ങിയ ശ്രേയസ് അയ്യര്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പരിക്കില്‍ നിന്ന് മുക്തനായശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി.
ജയ്പൂര്‍:വിജയ് ഹസാരെ ട്രോഫിയില്‍ നിരാശപ്പെടുത്തി ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടശേഷം ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയ ഗില്‍ ഗോവക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 12 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഗോവ 33.3 ഓവറില്‍ 211 റണ്‍സിന് പുറത്തായിരുന്നു. 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി പ്രഭ്സിമ്രാന്‍ സിംഗിനൊപ്പമാണ് ഗില്‍ ഓപ്പണറായി ഇറങ്ങിയത്. ഭക്ഷ്യവിഷബാധയേറ്റതുമൂലം ഗില്ലിന് പഞ്ചാബിന്‍റെ കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല. തുടക്കത്തിലെ പ്രഭ്‌സിമ്രാന്‍ സിംഗിനെ(2) നഷ്ടമായി പഞ്ചാബ് തിരിച്ചടി നേരിട്ടപ്പോ 12 പന്തില്‍ രണ്ട് ബൗണ്ടറി സഹിതം 11 റണ്‍സെടുത്ത ഗില്‍ കൗശിക്കിന്‍റെ പന്തില്‍ സുയാഷ് പ്രഭുദേശായിക്ക് ക്യാച്ച് നല്‍കി മടങ്ങിയത്.
അതേസമയം, മറ്റൊരു മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെതിരെ മുംബൈക്കായി ബാറ്റിംഗിനിറങ്ങിയ ശ്രേയസ് അയ്യര്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പരിക്കില്‍ നിന്ന് മുക്തനായശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി. കനത്ത മൂടല്‍ മഞ്ഞുമൂലം 33 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഹിമാചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 33 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സടിച്ചപ്പോള്‍ 53 പന്തില്‍ 82 റണ്‍സടിച്ചാണ് മുംബൈയുടെ നായകന്‍ കൂടിയായ ശ്രേസയ് തിളങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിംഗ്സ്.
അതേസമയം, ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാള്‍ 18 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇന്ത്യൻ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് രണ്ട് മാസത്തെ ഇടവേളക്കുശേഷമാണ് മത്സര ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയത്. ഇന്ത്യൻ താരമായ സര്‍ഫറാസ് ഖാന്‍ 10 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ സഹോദരന്‍ മുഷീര്‍ ഖാന്‍ 51 പന്തില്‍ 73 റണ്‍സെടുത്ത് തിളങ്ങി. ശിവം ദുബെ 15 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. റെയില്‍വേസിനെതിരെ ഡല്‍ഹി ആറ് വിക്കറ്റ് വിജയം നേടിയ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റൻ റിഷഭ് പന്ത് 9 പന്തില്‍ 3 സിക്സ് അടക്കം 24 റണ്‍സെടുത്ത് മടങ്ങി. റെയില്‍വേസിനെതിരെ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഡല്‍ഹിക്കായി പ്രിയാന്‍ഷ് ആര്യ 41 പന്തില്‍ 80 റണ്‍സെടുത്തു.


