മുംബൈ: കൊവിഡ് ബാധയെത്തുടര്‍ന്ന് ഐപിഎല്‍ മാറ്റിവെച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന മുന്‍ നായകന്‍ എം എസ് ധോണിയുടെ പ്രതീക്ഷ ഏതാണ്ട് അവസാനിച്ചുവെന്ന് പ്രമുഖ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ. എന്റെ ഉറച്ച വിശ്വാസം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന ധോണിയുടെ പ്രതീക്ഷ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചുവെന്നാണ്. കാരണം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ കളിക്കാമെന്ന് ധോണി ഇപ്പോള്‍ കരുതുന്നുണ്ടാവില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ അത് സാധ്യമായേനെ. ആ പ്രതീക്ഷ ഇനി ഏറെ അകലെയാണെന്നും ഭോഗ്ലെ പറഞ്ഞു. ഇന്ത്യക്കായി കളിച്ചില്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈക്കായി തുടര്‍ന്നും കളിക്കാന്‍ ധോണിക്കാവുമെന്നും ഭോഗ്ലെ പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ധോണി ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ടി-20 ലോകകപ്പ് ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലായതോടെ ധോണിയുടെ തിരിച്ചുവരവ് സാധ്യതകളും മങ്ങി. 

ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കിയ ധോണിക്ക് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ടീമില്‍ തിരിച്ചെത്താമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു. ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലെങ്കിലും ധോണി ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. പരസ്യക്കരാറുകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് ധോണി ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപിക്കാത്തതെന്നും സൂചനകളുണ്ട്.