ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിലേക്ക് ഹര്‍ഷലിനെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ഫ്ലോറിഡ: ഏഷ്യാ കപ്പിനും(Asia Cup 2022) ടി20 ലോകകപ്പിനും(T20 WC 2022) തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശങ്ക സമ്മാനിച്ച് പരിക്ക്. ഇന്ത്യന്‍ പേസര്‍ ഹര്‍ഷര്‍ പട്ടേലിന്(Harshal Patel) ഏഷ്യാ കപ്പ് നഷ്‌ടമാകുമെന്നും ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ക്ക് സംശയമാണെന്നും ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട് ചെയ്‌തു. ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിലേക്ക് ഹര്‍ഷലിനെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്‌ചയാണ് ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നത്. 

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുകയാണ് ഹര്‍ഷല്‍ പട്ടേല്‍. ഐപിഎല്ലില്‍ ഡെത്ത് ഓവറുകളില്‍ തിളങ്ങിയിട്ടുള്ള ഹര്‍ഷലിന്‍റെ അഭാവം ഏഷ്യാ കപ്പില്‍ ടീമിന് തിരിച്ചടിയാവും. ഏഷ്യാ കപ്പില്‍ മാറ്റുരയ്‌ക്കുന്ന ടീമിനെ തന്നെയാവും സെലക്‌ടര്‍മാര്‍ ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പിനും അയക്കുക എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഏഷ്യാ കപ്പില്‍ ഹര്‍ഷല്‍ പട്ടേലിന് പകരം വെസ്റ്റ് ഇന്‍ഡീസിനെതിരെ തിളങ്ങുക അര്‍ഷ്‌ദീപ് സിംഗിനെ പോലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. 

ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ദുബായിയും ഷാര്‍ജയുമാണ് വേദി. അയല്‍ക്കാരായ ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്നത്. വൈരികളായ പാകിസ്ഥാനെതിരെ ദുബായിയില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20 ഇന്ന് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഹര്‍ഷല്‍ പട്ടേലിന്‍റെ പരിക്ക് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. ഫ്ലോറിഡയില്‍ നടക്കേണ്ട മത്സരം മഴമൂലം വൈകുകയാണ്. മത്സരത്തിന് മുമ്പ് മഴ പെയ്‌തതാണ് തിരിച്ചടിയായത്. മഴയുടെ സാധ്യത മുമ്പുതന്നെ ഇവിടെ പ്രവചിക്കപ്പെട്ടിരുന്നു. അഞ്ച് ടി20കളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് ലീഡ് ചെയ്യുകയാണ്. 

ലോകകപ്പിന് അവനുണ്ടാകും; ടീമില്‍ സ്ഥാനമുറപ്പിച്ച താരത്തിന്‍റെ പേരുമായി ശ്രീകാന്ത്, എന്നാലത് സൂര്യകുമാറല്ല