ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഏഴ് വിക്കറ്റുമായി ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ ഹർഷല്‍ പട്ടേലിന്‍റെ പേരാണ് സുനില്‍ ഗാവസ്കർ പറയുന്നത്

ബെംഗളൂരു: ടി20 ലോകകപ്പിന്(T20 World Cup 2022) മാസങ്ങള്‍ അവശേഷിക്കുകയാണെങ്കിലും ഇന്ത്യന്‍ സ്ക്വാഡിനെ(Team India) ചൊല്ലിയുള്ള ചർച്ചകള്‍ സജീവമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20(IND vs SA) പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ അയർലന്‍ഡ് പര്യടനത്തോടെ(IRE vs IND) ടീമിന്‍റെ കാര്യത്തില്‍ ഏകദേശ വ്യക്തത കൈവരും എന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തിളങ്ങിയ ഒരുതാരം ടി20 ലോകകപ്പില്‍ നായകന്‍ രോഹിത് ശർമ്മയുടെ(Rohit Sharma) ട്രംപ് കാർഡാകും എന്നാണ് ഇതിഹാസ താരം സുനില്‍ ഗാവസ്കറുടെ(Sunil Gavaskar) പ്രവചനം. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഏഴ് വിക്കറ്റുമായി ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ പേസർ ഹർഷല്‍ പട്ടേലിന്‍റെ പേരാണ് സുനില്‍ ഗാവസ്കർ പറയുന്നത്. നാല് ഇന്നിംഗ്സുകളില്‍ 7.23 ഇക്കോണമിയിലും 12.57 ശരാശരിയിലുമാണ് ഹർഷല്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ഇതിലൊരു നാല് വിക്കറ്റ് പ്രകടനവുമുണ്ടായിരുന്നു. 

'ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ഉള്ളതിനാല്‍ ഹർഷല്‍ ഇന്ത്യന്‍ ടീമിന്‍റെ ട്രംപ് കാർഡിലൊന്നായിരിക്കും. ആശ്രയിക്കാന്‍ അദേഹത്തെ പോലൊരു താരമുള്ളത് നായകന് ആശ്വാസമാണ്. പവർപ്ലേയിലും വേണമെങ്കില്‍ താരത്തിന് പന്തെറിയാം. എന്തായാലും ലോകകപ്പ് ടീമില്‍ ഹർഷലുണ്ടാവണം' എന്നും ഗാവസ്കർ സ്റ്റാർ സ്പോർട്സില്‍ വ്യക്തമാക്കി. ഹർഷലിന്‍റെ മികവിനെ ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രയം സ്മിത്തും പ്രശംസിച്ചു. 'അദേഹം മികച്ച ബൌളറാണ്. ടീമിന് മുതല്‍ക്കൂട്ടാണ്. സ്ലോ ബോളുകള്‍ കൊണ്ട് ഡെത്ത് ഓവറില്‍ ഇതിനേക്കാള്‍ പിടിച്ചുനില്‍ക്കുന്നവരില്ല. സമ്മർദത്തെ അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്നു' എന്നും സ്മിത്ത് കൂട്ടിച്ചേർത്തു. 

അയർലന്‍ഡിനെതിരായ ടി20 പരമ്പരയാണ് ടീം ഇന്ത്യയുടെ അടുത്ത ടി20 ഉദ്യമം. രണ്ട് ടി20 മത്സരങ്ങളാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ കളിക്കുക. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ ഫൈനലിലെത്തിച്ച മലയാളി നായകന്‍ സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലെത്തിയത് സവിശേഷതയാണ്.

അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

IRE vs IND : ട്വിറ്ററിലല്ല, ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ; രാഹുല്‍ തെവാട്ടിയക്ക് മുന്‍താരത്തിന്‍റെ ഉപദേശം