അയർലന്‍ഡ് പര്യടത്തില്‍ തെവാട്ടിയ ടീമില്‍ വേണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്കർ

ദില്ലി: അയർലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള(IRE vs IND T20I) ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ട്വിറ്ററിലൂടെ അമർഷം അറിയിച്ചിരുന്നു ഓൾറൗണ്ട‍ർ രാഹുല്‍ തെവാട്ടിയ(Rahul Tewatia). ഐപിഎല്‍ കിരീടമുയർത്തിയ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം തെവാട്ടിയ പുറത്തെടുത്തിരുന്നു. ട്വിറ്ററില്‍ പ്രതിഷേധിക്കുകയല്ല, കളിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത് എന്ന് തെവാട്ടിയക്ക് താക്കീത് നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഗ്രയം സ്മിത്ത്(Graeme Smith). അതേസമയം അയർലന്‍ഡ് പര്യടത്തില്‍ തെവാട്ടിയ ടീമില്‍ വേണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്കർ(Sunil Gavaskar) പറഞ്ഞു. 

'അയർലന്‍ഡ് പര്യടനത്തില്‍ രാഹുല്‍ തെവാട്ടിയ ടീമിലുണ്ടാകണമായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് തെവാട്ടിയ കാഴ്ചവെച്ചത്. ഇത്തരത്തില്‍ മികച്ച പ്രകടനം നടത്തിയ താരം 16 അംഗ സ്ക്വാഡിലെങ്കിലും വേണം, അദേഹത്തിന്‍റെ കഠിനപ്രയത്നം അംഗീകരിക്കപ്പെടണം' എന്നും സുനില്‍ ഗാവസ്കർ അഭിപ്രായപ്പെട്ടു. 'ഏറെ താരങ്ങളുള്ളതിനാല്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശർമ്മയ്ക്കും അധികം പേർക്ക് അവസരം നല്‍കാനാവില്ല. ഓസീസ് സാഹചര്യങ്ങളില്‍ കളിക്കാനാവുന്ന ഭൂരിപക്ഷം താരങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. ട്വിറ്ററിന് പകരം, കളിയില്‍ ശ്രദ്ധിച്ച് ആർക്കും ഒഴിവാക്കാന്‍ കഴിയാത്ത രീതിയിലുള്ള പ്രകടനം ഇനി രാഹുല്‍ തെവാട്ടിയ പുറത്തെടുക്കുകയാണ് വേണ്ടത്' എന്നും ഗ്രയം സ്മിത്ത് സ്റ്റാർ സ്പോർട്സില്‍ കൂട്ടിച്ചേർത്തു.

ഐപിഎല്‍ പതിനഞ്ചാം സീസണ്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സ് നേടിയപ്പോള്‍ ടീമിന്റെ ഫിനിഷര്‍മാരില്‍ ഒരാളായിരുന്നു രാഹുല്‍ തെവാട്ടിയ. 12 ഇന്നിംഗ്‌സില്‍ 217 റണ്‍സാണ് തെവാട്ടിയ തേടിയത്. ഇതില്‍ അഞ്ച് തവണ താരം പുറത്താവാതിരുന്നു. 31 റണ്‍സാണ് താരത്തിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 147.61. മുമ്പൊരിക്കല്‍ ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തെവാട്ടിയ. എന്നാല്‍ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ കളിക്കാനുള്ള അവസരം ലഭിച്ചില്ല.

അയർലന്‍ഡ് പര്യടനത്തില്‍ ടീമിലെത്താന്‍ കഴിയാത്തതിലെ വിഷമം രാഹുല്‍ തെവാട്ടിയ ട്വിറ്ററില്‍ നേരത്തെ പരസ്യമാക്കിയിരുന്നു. 'പ്രതീക്ഷകള്‍ വേദനിപ്പിക്കും'- എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രതികരണം. രണ്ട് ടി20 മത്സരങ്ങളാണ് ഇന്ത്യ, അയര്‍ലന്‍ഡിനെതിരെ കളിക്കുക. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലെത്തിയത് സവിശേഷതയാണ്.

അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

IRE vs IND : അയലന്‍ഡിനെതിരെ ടി20 പരമ്പരക്കുള്ള ടീമിലില്ല; നിരാശ രണ്ട് വാക്കില്‍ പ്രകടമാക്കി രാഹുല്‍ തെവാട്ടിയ