ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലിയുടെ വിവാഹം കഴിഞ്ഞു. ഇന്ത്യന്‍ പൗരയായ ഷാമിയ അര്‍സൂ ആണ് വധു. ഇന്നലെ ദുബായില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരുടെയും വിവാഹ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ വെെറല്‍ ആയിട്ടുണ്ട്.

തനിക്ക് വിക്കറ്റ് ലഭിക്കുമ്പോള്‍ നടത്താറുള്ള ആക്ഷന്‍ ഡെസര്‍ട്ട് സഫാരിയില്‍ ആവിഷ്കരിക്കുന്നതിന്‍റെ വീഡിയോ അടക്കമാണ് തരംഗമാകുന്നത്. തന്‍റെ മെഹന്തി ആഘോഷത്തിന് മുമ്പ് അലി ഡെസര്‍ട്ട് സഫാരിയിവല്‍ വിക്കറ്റ് വീണതിന്‍റെ ആഘോഷം നടത്തുന്നുവെന്ന് അടിക്കുറിപ്പുമായി പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകന്‍ സാജ് സാദിഖ് ആണ് ഈ വീഡിയോ പങ്കുവെച്ചത്.

വിവാഹത്തിന് മുമ്പ് അവിവാഹിതന്‍ എന്ന നിലയിലുള്ള തന്‍റെ അവസാനത്തേത് എന്ന കുറിപ്പോടെ ഹസന്‍ അലിയും തന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ടെന്നീസ് താരവും പാക് താരവുമായ ഷോയിബ് മാലിക്കിന്‍റെ ഭാര്യയുമായ സാനിയ മിര്‍സ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വിവാഹ ചടങ്ങിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അടക്കം ഹസന്‍ അലി ക്ഷണിച്ചിരുന്നു.

ഹരിയാന സ്വദേശിനിയായ ഷാമിയ (26) എമിറേറ്റ്സ് എയര്‍ലെെന്‍സില്‍ ഫ്ളെെറ്റ് എന്‍ജിനിയര്‍ ആണ്. ദില്ലിയിലാണ് ഷാമിയയുടെ കുടുംബം താമസിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിവാഹം ചെയ്യുന്ന നാലാമത്തെ പാക് ക്രിക്കറ്ററാണ് ഹസന്‍ അലി. സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഘാന്‍, ഷോയിബ് മാലിക്ക് എന്നിവരാണ് ഇന്ത്യയില്‍ നിന്ന് വിവാഹം ചെയ്തിട്ടുള്ള പാക്കിസ്ഥാന്‍ താരങ്ങള്‍.