ശ്രീലങ്കയ്‌ക്കെതിരെ അവസാന രണ്ട് ഏകദിനങ്ങളിലേക്ക് തിരിച്ച് വിളിക്കപ്പെട്ട ഹാഷിം അംല ടീമില്‍ നിന്ന് പിന്മാറി. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ടാണ് അംല ടീമില്‍ നിന്ന് അവധിയെടുത്തത്. റീസ ഹെന്‍ഡ്രിക്‌സിനെയാണ് അംലയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്.

ജൊഹന്നസ്ബര്‍ഗ്: ശ്രീലങ്കയ്‌ക്കെതിരെ അവസാന രണ്ട് ഏകദിനങ്ങളിലേക്ക് തിരിച്ച് വിളിക്കപ്പെട്ട ഹാഷിം അംല ടീമില്‍ നിന്ന് പിന്മാറി. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ടാണ് അംല ടീമില്‍ നിന്ന് അവധിയെടുത്തത്. റീസ ഹെന്‍ഡ്രിക്‌സിനെയാണ് അംലയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്. നാളെയാണ് ലങ്കയ്‌ക്കെതിരായ നാലാം ഏകദിനം. നേരത്തെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ അംലയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ ഡോ. മുഹമ്മദ് മൂസാജിയും ഇക്കാര്യം സ്ഥിരീകരിച്ചു. അംലയുടെ കുടുംബത്തോടൊപ്പമാണ് പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. നേരരത്തെ അംലയ്‌ക്കൊപ്പം എയ്ഡന്‍ മര്‍ക്രാം, ജെ പി ഡുമിനി എന്നിവരെ ടീമിലേക്ക് മടക്കി വിളിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡുമിനി ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത്. ലോകകപ്പിന് മുന്‍പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. തോളിനേറ്റ പരിക്ക് ഭേദമായാണ് ഡുമിനി മടങ്ങിയെത്തുന്നത്.

പോര്‍ട്ട് എലിസബത്തിലും കേപ്ടൗണിലുമായാണ് അവസാന ഏകദിനങ്ങള്‍ നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ന് ദക്ഷിണാഫ്രിക്ക ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.