ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്‌ക്കോടതിയുടെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ജഹാന്‍ സുപ്രിം കോടതിയെ സമീപിച്ചത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രിം കോടതിയില്‍. ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്‌ക്കോടതിയുടെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ജഹാന്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഹസിന്‍ ജഹാന്റെ പരാതിയില്‍ 2019 ഓഗസ്റ്റ് 29ന് അലിപൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഉത്തരവിനെതിരെ ഷമി സെഷന്‍ കോടതിയെ സമീപിക്കുകയും അതേവര്‍ഷം സെപ്റ്റംബര്‍ രണ്ടിന് കൊടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു. പിന്നാലെ ഹസിന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. 2018 മാര്‍ച്ച് ഏഴിന് ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഷമിക്ക് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നുമാണ് ഹസിന്‍ ആരോപിച്ചിരുന്നു. 

ഇന്ത്യന്‍ ടീമിനൊപ്പമുള്ള പര്യടനങ്ങള്‍ക്കിടെ ബിസിസിഐ അനുവദിച്ച ഹോട്ടല്‍ മുറികളില്‍ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഷമി ഇടക്കിടെ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു എന്നും ഹസിന്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനം ആരോപിച്ച് ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരുന്നു. ഷമിയും വീട്ടുകാരും മര്‍ദിച്ചെന്നും പരാതിപ്പെട്ടതിന് പിന്നാലെ ഷമിക്കും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തു. 

ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ പിന്നീടു കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവര്‍ക്കു നല്‍കാനാണ് ഉത്തരവിട്ടത്.

കുടമാറ്റം മെസി അറിഞ്ഞു, പ്രതികരിക്കുമെന്ന് പ്രതീക്ഷ; വിവാദമാക്കേണ്ടതല്ലെന്നും തിരുവമ്പാടി ദേവസ്വം