80-90 ടെസ്റ്റുകള്‍ കളിച്ചിട്ടും സ്ഥിരതയില്ലായ്മയാണ് രഹാനെയുടെ പ്രശ്നം. അത് മറികടന്നാല്‍ രോഹിത് ശര്‍മക്കുശേഷം രഹാനെയില്‍ ഇന്ത്യക്ക് നല്ലൊരു ടെസ്റ്റ് ക്യാപ്റ്റനെ കിട്ടും. ആദ്യം റണ്ണടിച്ചാല്‍ പിന്നാലെ എല്ലാ സ്ഥാനങ്ങളും രഹാനെയെ തേടിവരുമെന്നും ജാഫര്‍ പറഞ്ഞു.
മുംബൈ: ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലെത്തുകയും ഫൈനലില്‍ ടോപ് സ്കോററാകുയും പിന്നാലെ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്ത അജിങ്ക്യാ രഹാനെക്ക് ടെസ്റ്റില്‍ ഇന്ത്യയുടെ ഭാവി നായകനാവാനുള്ള എല്ലാ അവസരവുമുണ്ടെന്ന് മുന്‍ താരം വസീം ജാഫര്‍. എന്നാല്‍ ഇന്ത്യയുടെ ഭാവി ടെസ്റ്റ് നായകനാകണമെങ്കില്‍ രഹാനെ ആദ്യം ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്തേണ്ടിവരുമെന്നും ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു.
80-90 ടെസ്റ്റുകള്‍ കളിച്ചിട്ടും സ്ഥിരതയില്ലായ്മയാണ് രഹാനെയുടെ പ്രശ്നം. അത് മറികടന്നാല്‍ രോഹിത് ശര്‍മക്കുശേഷം രഹാനെയില്‍ ഇന്ത്യക്ക് നല്ലൊരു ടെസ്റ്റ് ക്യാപ്റ്റനെ കിട്ടും. ആദ്യം റണ്ണടിച്ചാല്‍ പിന്നാലെ എല്ലാ സ്ഥാനങ്ങളും രഹാനെയെ തേടിവരുമെന്നും ജാഫര്‍ പറഞ്ഞു. പ്രായം രഹാനെക്ക് അനുകൂലഘടകമാണ്. അത് കരിയറില്‍ വലിയ വ്യത്യാസം വരുത്തും. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുന്നതിന് മുമ്പ് തന്നെ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാമായിരുന്നു. പക്ഷെ രഹാനെയുടെ മോശം പ്രകടനങ്ങളാണ് അതിന് തടസമായത്.
കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യന്‍ ടീമിനെ മെല്‍ബണില്‍ സെഞ്ചുറിയടിപ്പിച്ച് ജയിപ്പിച്ച രഹാനെ അതേ ഫോം തുടര്‍ന്നിരുന്നെങ്കില്‍ എപ്പോഴെ ഇന്ത്യയുടെ ടെസ്റ്റ് നായകനായാനെ. എന്നാല്‍ ഫോം മങ്ങിയ രഹാനെ പിന്നീട് ടീമില്‍ നിന്ന് തന്നെ പുറത്തുപോവുന്നതാണ് കണ്ടത്. എന്നാല്‍ ഐപിഎല്ലിലൂടെ ഫോം തിരിച്ചുപിടിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലെത്തി രഹാനെയെ വെസ്റ്റ് ഇൻഡീസ് പര്യടനത്തില്‍ സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനാക്കിയത് അദ്ദേഹത്തിന്‍റെ നേതൃഗുണം കണ്ടാണ്. അത് നിലനിര്‍ത്തണണെങ്കില്‍ അദ്ദേഹം റണ്‍സടിച്ചേ മതിയാവൂ.
രഹാനെക്ക് പ്രായം അനുകൂലമാണെങ്കിലും ചേതേശ്വര്‍ പൂജാരക്ക് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുക പ്രയാസമായിരിക്കുമെന്നും ജാഫര്‍ പറഞ്ഞു. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലത്ത് പുതിയ പ്രതിഭകളെ കണ്ടെത്തേണ്ട സമയമാണെന്നും ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ മികവ് കാട്ടുമ്പോള്‍ പൂജാര തിരിച്ചുവരാന്‍ ബുദ്ധിമുട്ടുമെന്നും ജാഫര്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ മൂന്ന് റണ്‍സിന് പുറത്തായ രഹാനെ രണ്ടാം ടെസ്റ്റില്‍ എട്ട് റണ്‍സെടുത്ത് പുറത്തായിരുന്നു.
ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ പിന്നെ ഇന്ത്യക്ക് അടുത്ത കാലത്തൊന്നും ടെസ്റ്റ് പരമ്പരകളില്ല. വിന്‍ഡീസ് പരമ്പരക്ക് ശേഷം ഏഷ്യാ കപ്പിലും പിന്നാലെ ലോകകപ്പിലുമാണ് ഇന്ത്യ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ തിളങ്ങേണ്ടത് രഹാനെക്ക് അനിവാര്യമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ ഈ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.
