ഇതേ ഫോം തുടര്‍ന്നാല്‍ അനില്‍ കുംബ്ലെയുടെ 619 ടെസ്റ്റു വിക്കറ്റുകളെന്ന നേട്ടത്തിന് അടുത്തെത്താനോ ഒരുപക്ഷെ അത് മറികടക്കാനോ അശ്വിന് കഴിഞ്ഞേക്കും.

മൊഹാലി: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനെ(Kapil Dev) മറികടന്ന് ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ ആര്‍ അശ്വിന്‍(R Ashwin) അനില്‍ കുംബ്ലെയുടെ(Anil Kumble) റെക്കോര്‍ഡും മറികടക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് പിഴുതാണ് അശ്വിന്‍ കപില്‍ ദേവിന്‍റെ 434 ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടന്നത്.

നിലവില്‍ 436 വിക്കറ്റുകളുള്ള അശ്വിന്‍ മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ 619 വിക്കറ്റുകളുള്ള അനില്‍ കുംബ്ലെ മാത്രമാണ് മുന്നിലുള്ളത്. വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്നതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 10 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അശ്വിന്‍ ഇടം നേടിയിരുന്നു.

അനില്‍ കുംബ്ലെ, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ചേര്‍ത്തു വായിക്കേണ്ട പേരാണ് അശ്വിന്‍റേതെന്ന് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. കാരണം, ഇവരുടെ കളി കണ്ട് യുവതലമുറയില്‍ ഒരുപാട് പേര്‍ പ്രചോദിതരായിട്ടുണ്ട്. അവര്‍ക്കൊപ്പമാണ് ഇപ്പോള്‍ അശ്വിനും. 11 വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അശ്വിന്‍റെ ഈ നേട്ടം. അതിനായി അശ്വിന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കളിയെക്കുറിച്ച് നല്ല ധാരണയുള്ള അശ്വിന്‍ പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. പിച്ച് മനസിലാക്കി പന്തിന്‍റെ വേഗം കുറക്കാനും കൂട്ടാനും വ്യത്യസ്തകള്‍ പരീക്ഷിക്കാനും തയാറാകുന്ന അശ്വിന്‍ ലെംഗ്ത് സംബന്ധിച്ച് പലപ്പോഴും വിക്കറ്റ് കീപ്പറോടും സംസാരിക്കാറുണ്ട്.

ഇതേ ഫോം തുടര്‍ന്നാല്‍ അനില്‍ കുംബ്ലെയുടെ 619 ടെസ്റ്റു വിക്കറ്റുകളെന്ന നേട്ടത്തിന് അടുത്തെത്താനോ ഒരുപക്ഷെ അത് മറികടക്കാനോ അശ്വിന് കഴിഞ്ഞേക്കും. 2008ല്‍ ഞങ്ങള്‍ രണ്ടുപേരും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. അന്നേ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അശ്വിന് ഉത്സാഹമായിരുന്നു. അക്കാലഘട്ടത്തില്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പവും അദ്ദേഹം ഏറെ സമയം ചെലവഴിക്കുന്നത് കാണാമായിരുന്നു. ഇതേ ഫോമില്‍ അടുത്ത മൂന്നോ നാലോ വര്‍ഷം കളിക്കാനായാല്‍ അശ്വിന്‍ കുബ്ലെക്ക് ഒപ്പമെത്തുകയോ അദ്ദേഹത്തിന്‍റെ റെക്കോര്‍ഡ് മറികടക്കുകയോ ചെയ്തേക്കാം-പാര്‍ഥിവ് ക്രിക് ബസിനോട് പറഞ്ഞു.

നിലവില്‍ 85 ടെസ്റ്റില്‍ നിന്ന് 436 വിക്കറ്റാണ് അശ്വിന്‍റെ പേരിലുള്ളത്. 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഏഴ് തവണ പത്ത് വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്.