ഈ പ്രായത്തില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റൻസി നല്‍കുന്നത് അധിക സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്‍ വലിയ പ്രകടനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും കിരണ്‍ മോറെ.
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലിന്‍റെ പേരാണ് സെലക്ടര്‍മാര്‍ സജീവമായി പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രയെ പരിക്കിന്‍റെ പേരിലും റിഷഭ് പന്തിനെ സമീപകാലത്തെ മോശം ഫോമിന്‍റെ പേരിലും പരിഗണിക്കാനിടയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പുതിയൊരു പേരുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം മുന്‍ ചീഫ് സെലക്ടറായ കിരണ്‍ മോറെ.
ഗില്ലിനെയോ പന്തിനെയോ ബുമ്രയെയോ അല്ല ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തില്‍ ക്യാപ്റ്റനായി പരിഗണിക്കേണ്ടതെന്നും അത് വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുലിനെയാണെനന്നും കിരണ്‍ മോറെ പറഞ്ഞു. മുമ്പ് ഇന്ത്യൻ ടീമിനെ മൂന്ന് ടെസ്റ്റുകളില്‍ നയിച്ച പരിചയം രാഹുലിനുണ്ട്. യുവത്വത്തെക്കാള്‍ കൂടുതല്‍ പരിചയ സമ്പത്തിനാണ് ഇംഗ്ലണ്ടില്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും അങ്ങനെ നോക്കുമ്പോൾ ഗില്ലിനെക്കാള്‍ മികച്ച ചോയ്സ് രാഹുലാണെന്നും കിരണ്‍ മോറെ പറഞ്ഞു.
ഈ പ്രായത്തില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റൻസി നല്‍കുന്നത് അധിക സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്‍ വലിയ പ്രകടനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും കിരണ്‍ മോറെ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ പോലും അധികം കളിച്ചിട്ടില്ലാത്ത ഗില്ലിനെ ക്യാപ്റ്റനാക്കരുതെന്നും ടെസ്റ്റില്‍ ഗില്ലിന് ഇനിയുമേറെ പഠിക്കാനുണ്ടെന്നും കിരണ്‍ മോറെ വ്യക്തമാക്കി.
അവനെ വളരാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഗില്ലിനെ വേണമെങ്കില്‍ വൈസ് ക്യാപ്റ്റനാക്കാം. എന്നിട്ട് ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ മാത്രം ക്യാപ്റ്റാനായി പരിഗണിക്കുന്നതാണ് ഉചിതം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെ എല്‍ രാഹുലാണ് മികച്ച ചോയ്സ്. ടെസ്റ്റ് ടീമിനെ നയിക്കാനുള്ള പരിചയസമ്പത്തും കളിക്കാരുമായി മികച്ച ആശയവിനിമയം നടത്താനുള്ള കഴിവും രാഹുലിനുണ്ടെന്നും കിരണ്‍ മോറെ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടുത്തമാസം 20ന് തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക.


