ബെംഗളൂരു-ഹൈദരാബാദ് മത്സരത്തിനുശേഷവും റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മാറ്റമില്ല. ഗുജറാത്തിന്‍റെ സായ് സുദര്‍ന്‍ 13 മത്സരങ്ങളില്‍ 638 റണ്‍സുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ 636 റണ്‍സുമായി തൊട്ടുപിന്നിലുണ്ട്.

ലക്നൗ: ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം കടുപ്പിച്ച് വിരാട് കോലിയും. ഇന്നലെ സണ്‍റൈസേഴ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തോല്‍വി വഴങ്ങിയെങ്കിലും 25 പന്തില്‍ 43 റണ്‍സെടുച്ച വിരാട് കോലി റൺവേട്ടക്കാരില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗുജറാത്തിന്‍റെ ജോസ് ബട്‌ലറെയും ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നിക്കോളാസ് പുരാനെയും പിന്തള്ളിയാണ് 12 കളികളില്‍ 548 റണ്‍സുമായി കോലി എട്ടാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തെത്തിയത്.

ബെംഗളൂരു-ഹൈദരാബാദ് മത്സരത്തിനുശേഷവും റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മാറ്റമില്ല. ഗുജറാത്തിന്‍റെ സായ് സുദര്‍ന്‍ 13 മത്സരങ്ങളില്‍ 638 റണ്‍സുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ 636 റണ്‍സുമായി തൊട്ടുപിന്നിലുണ്ട്. മുംബൈയുടെ സൂര്യകുമാര്‍ യാദവ്(583), ലക്നൗവിന്‍റെ മിച്ചല്‍ മാര്‍ഷ്(560), രാജസ്ഥാന്‍റെ യശസ്വി ജയ്സ്വാള്‍(559) എന്നിവരാണ് ടോപ് 5ലെ സ്ഥാനം നിലനിര്‍ത്തിയത്.

വിരാട് കോലി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ജോസ് ബട്‌ലര്‍(533) ഏഴാമതും നിക്കോളാസ് പുരാന്‍(511) എട്ടാമതുമാണ്. കെ എല്‍ രാഹുല്‍(504), പ്രഭ്‌സിമ്രാന്‍ സിംഗ്(458) എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുമ്പോള്‍ തിളങ്ങിയാല്‍ പ്രഭ്‌സിമ്രാന് നിലമെച്ചപ്പെടുത്താന്‍ അവസരമുണ്ട്. 435 റണ്‍സുമായി പന്ത്രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കും ടോപ് 10ല്‍ എത്താന്‍ ഇന്ന് അവസരമുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള ഡല്‍ഹിയുടെ കെ എല്‍ രാഹുലാണ് ഇന്ന് മുന്നേറാൻ അവസരമുള്ള മറ്റൊരു താരം. ഇന്നലെ ഹൈദരാബാദിനായി 34 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ 13 മത്സരങ്ങളില്‍ 407 റണ്‍സുമായി പതിമൂന്നാം സ്ഥാനത്തേക്ക് കയറി.

ഏയ്ഡന്‍ മാര്‍ക്രം(445) പതിനൊന്നാമതും ശ്രേയസ് അയ്യര്‍(435) പന്ത്രണ്ടാമതുമുള്ളപ്പള്‍, റിയാന്‍ പരാഗ്(393), ഹെന്‍റിച്ച് ക്ലാസന്‍(382) എന്നിവരാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ 15ലുള്ളത്.